ഒട്ടാവ: കാനഡ ഇമിഗ്രേഷനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രോസസിങ് സമയം പുറത്തുവിട്ട് IRCC. എക്സ്പ്രസ് എൻട്രി അടക്കമുള്ള ചില പ്രധാന വിഭാഗങ്ങളിൽ പ്രോസസിങ് വേഗത കൈവരിച്ചത് അപേക്ഷകർക്ക് ആശ്വാസമാകുന്നുണ്ടെങ്കിലും സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റിനായുള്ള കാത്തിരിപ്പും വിസിറ്റർ റെക്കോർഡ് എക്സ്റ്റൻഷൻ സമയവും വൻതോതിൽ വർദ്ധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത് സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റ് അപേക്ഷകൾക്കാണ്. നിലവിൽ ഇവയുടെ പ്രൊസസിങ് സമയം 25 മാസമായി ഉയർന്നിരിക്കുകയാണ്. മുൻ മാസത്തെ അപേക്ഷിച്ച് 6 മാസത്തെ വർദ്ധനവാണ് ഇതിലുണ്ടായത്. 2025 ഡിസംബറിൽ പ്രാബല്യത്തിൽ വന്ന ‘Bill C-3’ നിയമമാറ്റത്തെത്തുടർന്ന് വിദേശത്തുനിന്നുള്ള അപേക്ഷകളുടെ പ്രവാഹമാണ് ക്യൂ 1,21,800 ആയി ഉയരാൻ കാരണം. നിലവിൽ 2026 മാർച്ച് 19 വരെയുള്ള സിറ്റിസൺഷിപ്പ് അപേക്ഷകൾക്കാണ് അക്നോളജ്മെന്റ് ഓഫ് റിസീപ്റ്റ് (AOR) അയച്ചുതുടങ്ങിയിട്ടുള്ളത്. അതേസമയം സിറ്റിസൺഷിപ്പ് ഗ്രാന്റ് പ്രോസസിങ് സമയം 12 മാസമായി മാറ്റമില്ലാതെ തുടരുന്നു. സിറ്റിസൺഷിപ്പ് ഉപേക്ഷിക്കുന്നതിനുള്ള സമയം 4 മാസമായി കുറഞ്ഞപ്പോൾ റെക്കോർഡ് പരിശോധനയ്ക്ക് 17 മാസമെടുക്കും.
പുതിയ PR കാർഡുകൾ ലഭിക്കുന്നതിനുള്ള സമയം 41 ദിവസമായി തുടരുന്നു. എന്നാൽ നിലവിലുള്ള PR കാർഡുകൾ പുതുക്കുന്നതിനുള്ള സമയം 2 ദിവസത്തെ വർദ്ധനവോടെ 42 ദിവസമായിട്ടുണ്ട്. എക്സ്പ്രസ് എൻട്രി അപേക്ഷകർക്ക് ആശ്വാസം നൽകുന്ന വിവരങ്ങളാണ് പി.ആർ വിഭാഗത്തിൽ നിന്നുള്ളത്. ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം (FSWP) അപേക്ഷ തീർപ്പാക്കുന്ന സമയം 6 മാസമായി മെച്ചപ്പെട്ടു. ഇതിൽ കാത്തിരിക്കുന്നവരുടെ എണ്ണം 52,400 ആയി കുറഞ്ഞിട്ടുമുണ്ട്. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) പ്രോസസിങ് സമയം 6 മാസമായി തുടരുമ്പോൾ ഇതിൽ കാത്തിരിക്കുന്നവരുടെ എണ്ണം 1,800 ആയി കുറഞ്ഞു. എക്സ്പ്രസ് എൻട്രി വഴിയുള്ള PNP അപേക്ഷകൾക്ക് 7 മാസവും നോൺ-എക്സ്പ്രസ് എൻട്രി PNP അപേക്ഷകൾക്ക് 13 മാസവുമാണ് സമയം. ക്യുബെക് സ്കിൽഡ് വർക്കർ അപേക്ഷകൾക്ക് 11 മാസവും അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിന് 26 മാസവും സമയമെടുക്കും. സ്റ്റാർട്ട് അപ്പ് വിസ, സെൽഫ് എംപ്ലോയ്ഡ് അപേക്ഷകൾ എന്നിവയ്ക്ക് 10 വർഷത്തിൽ കൂടുതൽ കാത്തിരിക്കേണ്ടി വരും.
കാനഡയ്ക്ക് പുറത്തുള്ള പങ്കാളിയെ സ്പോൺസർ ചെയ്യുന്നതിന് (Non-Quebec) 17 മാസവും ക്യുബെക് മേഖലയിൽ 33 മാസവുമാണ് സമയം. കാനഡയ്ക്കുള്ളിലുള്ള പങ്കാളിയുടെ സ്പോൺസർഷിപ്പിന് നോൺ-ക്യുബെക് മേഖലയിൽ 27 മാസവും ക്യുബെക്കിൽ 32 മാസവും എടുക്കും. മാതാപിതാക്കളെയും ഗ്രാന്റ് പേരന്റ്സിനെയും സ്പോൺസർ ചെയ്യുന്നതിൽ നോൺ-ക്യുബെക് മേഖലയിൽ 29 മാസവും ക്യുബെക്കിൽ 64 മാസവുമാണ് നിലവിലെ സമയം. രണ്ടു വിഭാഗത്തിലും ഒരു മാസത്തെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കാനഡയ്ക്കുള്ളിലെ വ്യക്തികളുടെ അപേക്ഷകൾ തീർപ്പാക്കാൻ 13 മാസവും അവരുടെ ആശ്രിതരുടെ അപേക്ഷകൾക്ക് 40 മാസവും സമയമെടുക്കും. മാനുഷിക പരിഗണന മുൻനിർത്തിയുള്ള (H&C) അപേക്ഷകൾക്ക് 10 വർഷത്തിലധികം കാത്തിരിക്കണം. ഇന്ത്യയിൽ നിന്നുള്ള വിസിറ്റർ വിസ അപേക്ഷകൾക്ക് പ്രോസസിങ് സമയം 27 ദിവസമായി ഉയർന്നു. അമേരിക്കയിൽ നിന്ന് 21 ദിവസവും നൈജീരിയയിൽ നിന്ന് 68 ദിവസവും പാകിസ്ഥാനിൽ നിന്ന് 48 ദിവസവും ഫിലിപ്പീൻസിൽ നിന്ന് 16 ദിവസവുമാണ് സമയം. കാനഡയ്ക്കുള്ളിൽ നിന്നുള്ള വിസിറ്റർ വിസ അപേക്ഷകൾ 21 ദിവസത്തിനുള്ളിൽ തീർപ്പാകും. എന്നാൽ വിസിറ്റർ റെക്കോർഡ് എക്സ്റ്റൻഷൻ സമയം 316 ദിവസമായി കുത്തനെ ഉയർന്നത് കാനഡയിൽ തങ്ങുന്ന സന്ദർശകർക്ക് തിരിച്ചടിയാണ്.
സൂപ്പർ വിസ വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾക്ക് 56 ദിവസമാണ് സമയം. അമേരിക്കയിൽ നിന്ന് 126 ദിവസവും നൈജീരിയയിൽ നിന്ന് 43 ദിവസവും പാകിസ്ഥാനിൽ നിന്ന് 185 ദിവസവും ഫിലിപ്പീൻസിൽ നിന്ന് 100 ദിവസവുമാണ് നിലവിലെ കാലയളവ്.
ഇന്ത്യ, അമേരിക്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റഡി പെർമിറ്റ് ലഭിക്കാൻ 5 ആഴ്ച സമയം വേണം. നൈജീരിയ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഇത് 7 ആഴ്ചയാണ്. കാനഡയ്ക്കുള്ളിൽ നിന്നുള്ള ഇൻലാന്റ് സ്റ്റഡി പെർമിറ്റ് അപേക്ഷകൾക്ക് 7 ആഴ്ചയും സ്റ്റഡി പെർമിറ്റ് എക്സ്റ്റൻഷന് 70 ദിവസവും എടുക്കും.
വർക്ക് പെർമിറ്റ് വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾക്ക് 9 ആഴ്ച തുടരുമ്പോൾ പാകിസ്ഥാനിൽ നിന്നുള്ള അപേക്ഷകൾക്ക് സമയം 25 ആഴ്ചയായി വർദ്ധിച്ചു. എന്നാൽ കാനഡയ്ക്കുള്ളിൽ നിന്നുള്ള ഇൻലാന്റ് വർക്ക് പെർമിറ്റ്, എക്സ്റ്റൻഷൻ അപേക്ഷകളുടെ സമയം 119 ദിവസമായി കുറഞ്ഞത് വലിയൊരു അനുകൂല മാറ്റമാണ്. SAWP കാർഷിക വിസ പ്രൊസസിങ് 71 ദിവസവും IEC വർക്ക് പെർമിറ്റ് 7 ആഴ്ചയുമാണ്. eTA അംഗീകാരങ്ങൾ സാധാരണയായി മിനിറ്റുകൾക്കുള്ളിൽ ലഭ്യമാകും.
കാനഡയ്ക്കുള്ളിൽ നേരിട്ട് സമർപ്പിക്കുന്ന പാസ്പോർട്ട് അപേക്ഷകൾക്ക് 10 പ്രവൃത്തിദിനങ്ങളും തപാൽ വഴിയുള്ള അപേക്ഷകൾക്ക് 20 പ്രവൃത്തിദിനങ്ങളുമാണ് സമയം. അടിയന്തര പാസ്പോർട്ട് സേവനങ്ങൾ അടുത്ത പ്രവൃത്തിദിനത്തിൽ തന്നെ ലഭ്യമാകും. അപൂർണ്ണമായ രേഖകൾ സമർപ്പിക്കുന്നത് അപേക്ഷകൾ നിരസിക്കപ്പെടാൻ പ്രധാന കാരണമാകുന്നതിനാൽ മതിയായ രേഖകൾ കൃത്യമായി സമർപ്പിക്കാൻ ഐ.ആർ.സി.സി അപേക്ഷകർക്ക് നിർദ്ദേശം നൽകുന്നു.
New IRCC Processing Times As Of August 2026
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





