കൊൽക്കത്ത: മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി. തിങ്കളാഴ്ച കൊൽക്കത്തയിലെ ഓഫീസിൽ ലഭിച്ച രണ്ടു കത്തുകളിലാണ് ഇരുവരെയും വധിക്കുമെന്ന ഭീഷണിയുള്ളത്. സൗരവിനെയും ഭാര്യയേയും കൂടാതെ ഇവരുമായി അടുത്ത ബന്ധം പുലർത്തുന്നവരെയും വധിക്കുമെന്ന് കത്തിൽ മുന്നറിയിപ്പുണ്ട്. സംഭവത്തെ തുടർന്ന് സൗരവിന്റെ സെക്രട്ടറി സൗത്ത് കൊൽക്കത്തയിലെ താക്കൂർപുകുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കഴിഞ്ഞ കുറച്ചു നാളുകളായി സൗരവിന് അപമാനകരമായ പരാമർശങ്ങൾ അടങ്ങിയ കത്തുകൾ ലഭിച്ചിരുന്നുവെങ്കിലും തുടക്കത്തിൽ ഇത് കാര്യമാക്കിയിരുന്നില്ലെന്ന് സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ തിങ്കളാഴ്ച ലഭിച്ച കത്തുകളിൽ നേരിട്ട് വധഭീഷണി ഉയർന്നതോടെയാണ് വിഷയത്തിൽ പോലീസിനെ സമീപിക്കാൻ തീരുമാനിച്ചത്. സംഭവത്തിൽ സൗരവ് ഗാംഗുലിയോ ഭാര്യ ഡോണയോ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
വെസ്റ്റ് ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള ബെൽഗോറിയയിലെ കൊറിയർ സെന്ററിൽ നിന്നാണ് കത്തുകൾ പോസ്റ്റ് ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അരുൺ എന്ന പേരുള്ള വ്യക്തിയാണ് കത്തുകൾ അയച്ചിരിക്കുന്നത്. കൊറിയർ സെന്ററുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക പരിശോധനയിൽ കത്തയച്ചയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായും കേസ് അന്വേഷിക്കുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Sourav Ganguly and his wife Donna received death threats; Two letters were received at the office
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




