ടൊറന്റോ: ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഇന്ത്യൻ പൗരൻ കരൺവീർ സിങ്ങിനെ തടവിൽ നിന്ന് മോചിപ്പിക്കാനുള്ള ഇമിഗ്രേഷൻ ട്രൈബ്യൂണലിന്റെ ഉത്തരവ് കനേഡിയൻ ഫെഡറൽ കോടതി റദ്ദാക്കി. ഇന്ത്യയിൽ കൊലപാതകക്കേസിൽ പ്രതിയായ ഇയാൾ സ്വയം പ്രഖ്യാപിത ഖാലിസ്ഥാൻ വിഘടനവാദി കൂടിയാണെന്നാണ് റിപ്പോർട്ട്. കരൺവീർ സിങ്ങിന് ജാമ്യം അനുവദിച്ച ഇമിഗ്രേഷൻ ആൻഡ് റീഫ്യൂജി ബോർഡിന്റെ (IRB) തീരുമാനം ചോദ്യം ചെയ്ത് കാനഡയിലെ പബ്ലിക് സേഫ്റ്റി മന്ത്രി സമർപ്പിച്ച ഹർജിയിലാണ് ഫെഡറൽ കോടതി ജസ്റ്റിസ് ഫുഓങ് എങ്കോയുടെ നടപടി.
ഇന്ത്യയിൽ അന്വേഷണസംഘം തിരയുന്ന കുപ്രസിദ്ധ കുറ്റവാളിയായ കരൺവീർ സിങ്, 2012-ലെ കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം 2019-ലാണ് ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞത്. തുടർന്ന് അമേരിക്കയിലെത്തി രാഷ്ട്രീയ അഭയം തേടിയ ഇയാൾ 2025 ജനുവരിയിലാണ് കാനഡയിലേക്ക് കടന്നത്. പഞ്ചാബി സംഗീതജ്ഞരിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഈ വർഷം ഏപ്രിലിൽ കാനഡ ബോർഡർ സർവീസസ് ഏജൻസി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള പ്രശസ്ത പഞ്ചാബി ഗായകൻ എ.പി. ധില്ലന്റെ വീടിനുനേരെ 2024 സെപ്റ്റംബറിൽ നടന്ന വെടിവെപ്പിനും തീവെപ്പിനും പിന്നിൽ കരൺവീർ സിങ്ങാണെന്ന് എഫ്.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ച ബിഷ്ണോയ് ഗാങ്ങിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും, ബന്ധുക്കൾ നൽകിയ ജാമ്യത്തുകയുടെ ഉറവിടം സംശയസ്പദമാണെന്നും നിരീക്ഷിച്ചാണ് കോടതി മോചന ഉത്തരവ് തള്ളിയത്. കരൺവീർ സിങ്ങിനെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Accused in murder case linked to Bishnoi gang; Canadian court stays release order of Indian national.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





