ന്യൂഡല്‍ഹി: യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (UPI) വഴിയുള്ള പണമിടപാടുകൾ സാധാരണ ഉപഭോക്താക്കൾക്ക് പൂർണ്ണമായും സൗജന്യമായിത്തന്നെ തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ, ഭാവിയിൽ നിശ്ചിത പരിധിക്ക് മുകളിലുള്ള ഉയർന്ന vവരുമാനമുള്ള ചില വ്യാപാരികളിൽ നിന്ന് മാത്രം നാമമാത്രമായ യൂസർഫീ (MDR – മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ഈടാക്കിയേക്കുമെന്നും സർക്കാർ അറിയിച്ചു. പേയ്‌മെന്റ് സേവനദാതാക്കൾക്ക് ചാർജുകൾ ചുമത്താൻ അധികാരമേകുന്ന ‘പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്റ്റ് 2007’ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയതിന് തൊട്ടുപിന്നാലെ ഉയർന്ന ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ടാണ് കേന്ദ്രത്തിന്റെ ഈ ഔദ്യോഗിക വിശദീകരണം.

വ്യക്തികൾ തമ്മിൽ നടത്തുന്ന (Person to Person – P2P) ഡിജിറ്റൽ ഇടപാടുകൾക്ക് യാതൊരുവിധ സർചാർജോ ഫീയോ ബാധകമാകില്ല. കൂടാതെ, ചെറുകിട-ഇടത്തരം വ്യാപാരികൾ ഉൾപ്പെടുന്ന ഭൂരിഭാഗം പേരുടെയും ഇടപാടുകൾ നിലവിലെന്നപോലെ തുടർന്നും സൗജന്യമായിരിക്കും. ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള വ്യാപാരി ഇടപാടുകളിൽ (Merchant Transactions) മാത്രമായിരിക്കും എംഡിആർ ഘടനാപരമായി നടപ്പിലാക്കുക. ഡിജിറ്റൽ ഇടപാടുകളുടെ വ്യാപനത്തെയും വ്യാപാരികളുടെ പങ്കാളിത്തത്തെയും ബാധിക്കാത്ത രീതിയിലായിരിക്കും ഈ പരിഷ്കാരം.
ഭാവിയിൽ ഈടാക്കാൻ സാധ്യതയുള്ള ഈ ചാർജുകൾ വളരെ നാമമാത്രമായിരിക്കുമെന്നും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകൾക്ക് നിലവിലുള്ള എംഡിആറിനേക്കാൾ വളരെ കുറവായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഡിജിറ്റൽ പേയ്‌മെന്റ് ഇക്കോസിസ്റ്റത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ബാങ്കുകൾ, ഫിൻടെക് കമ്പനികൾ, പേയ്‌മെന്റ് സർവീസ് പ്രൊവൈഡർമാർ എന്നിവരുടെ പ്രവർത്തനച്ചെലവ് നികത്തുന്നതിനുമാണ് നിയന്ത്രിതമായ രീതിയിൽ ഫീസുകൾ അനുവദിക്കാൻ നിയമഭേദഗതി കൊണ്ടുവന്നത്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ വേഗത കുറയ്ക്കാതെ തന്നെ സാമ്പത്തികമേഖലയ്ക്ക് ആക്കം കൂട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
UPI Remains Free for Users; Merchant Fee May Come Later
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








