വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലുള്ള കിംബർലിക്ക് സമീപം വെയ്റ്റ് ക്രീക്ക് പ്രദേശത്ത് കാട്ടുതീ പടരുന്നതായി റിപ്പോർട്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ 117 ഓളം വീടുകളിലെ താമസക്കാരോട് ഉടൻ ഒഴിയാൻ അധികൃതർ നിർദേശം നൽകി.
ഓഗസ്റ്റ് 1-നാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതെങ്കിലും ശക്തമായ കാറ്റും പ്രതികൂല കാലാവസ്ഥയും കാരണം തീ വേഗത്തിൽ പടരുകയായിരുന്നു. എന്നാൽ നിലവിൽ കാലാവസ്ഥ അനുകൂലമായതോടെ തീയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. നിലവിൽ ഇത് പുകഞ്ഞുകിടക്കുന്ന (Rank 1) അവസ്ഥയിലാണ്.
55 അഗ്നിശമനസേനാംഗങ്ങൾ ഹെലികോപ്റ്ററുകളും വലിയ യന്ത്രങ്ങളും ഉപയോഗിച്ചാണ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്. ഹൈവേ 95A വഴി ഫയർ ഗാർഡുകൾ നിർമ്മിച്ച് തീ പടരുന്നത് തടയാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും കാലാവസ്ഥ മാറിയാൽ സ്ഥിതി വീണ്ടും വശളാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മുൻകരുതലിന്റെ ഭാഗമായി ഹൈവേ 95A ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
വെയിറ്റ് ക്രീക്കിന് സമീപമുള്ള ചില പ്രദേശങ്ങളിൽ ഒഴിപ്പിക്കൽ ജാഗ്രതാ നിർദേശം തുടരുകയാണ്. ആളുകൾക്ക് സുരക്ഷിതമായി മാറാൻ എത്ര സമയം വേണ്ടിവരും എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തിയാണ് ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കാട്ടുതീയെ തുടർന്ന് കഴിഞ്ഞ വാരാന്ത്യത്തിൽ ഫെയർമോണ്ട് ഹോട്ട് സ്പ്രിംഗ്സ്, ഇൻവർമിയർ, റേഡിയം ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങിയിരുന്നു. ഏകദേശം 18,000 ഉപഭോക്താക്കളെ ഇത് ബാധിച്ചെങ്കിലും നിലവിൽ വൈദ്യുതി പുനഃസ്ഥാപിച്ചതായി ബി.സി. ഹൈഡ്രോ അറിയിച്ചു. ഒഴിപ്പിക്കൽ ഉത്തരവുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് കൊളംബിയയിൽ നിലവിൽ 120-ഓളം ഇടങ്ങളിലാണ് കാട്ടുതീ പടരുന്നത്. ഇതിൽ 90 എണ്ണം നിയന്ത്രണാതീതമാണ്. എണ്ണായിരത്തോളം ആളുകൾക്ക് ഇതിനകം ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ 7,300 പേർ ഒഴിപ്പിക്കൽ ജാഗ്രതാ നിർദേശത്തിന് കീഴിലാണ്.
അതിനിടെ, കിംബർലിയുടെ പടിഞ്ഞാറുള്ള മാത്യു ക്രീക്കിലെ കാട്ടുതീ 1,715 ഹെക്ടർ പ്രദേശത്തേക്ക് വ്യാപിച്ചു. ടവർ ക്രീക്കിലെ തീപിടിത്തത്തെ തുടർന്ന് സെന്റ് മേരി ലേക്ക് മേഖലയിലെ 66 വീടുകൾക്ക് നൽകിയ ഒഴിപ്പിക്കൽ ജാഗ്രതാ നിർദേശം തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Wildfires rage in BC; Hundreds of families ordered to evacuate




