ന്യൂ ഡൽഹി : ദേശീയ കൈത്തറി ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയ ട്രെൻഡായ ‘ഗെറ്റ് റെഡി വിത്ത് മി’ (GRWM) വീഡിയോ കാമ്പെയ്‌നിൽ പങ്കാളികളാകാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൈത്തറി വസ്ത്രങ്ങൾ ധരിച്ച് വിഡിയോകൾ ചിത്രീകരിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം പുതിയ ഇൻസ്റ്റഗ്രാം റീൽ പങ്കുവെച്ചു. ഇന്ത്യയുടെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും നെയ്ത്തുകുടുംബങ്ങൾക്ക് പിന്തുണയേകാനും ഇത്തരം ഇടപെടലുകളിലൂടെ സാധിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക പൈതൃകത്തെ ആദരിക്കാൻ എല്ലാവരും ഒന്നിക്കണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങാനും അവ ദിനചര്യയുടെ ഭാഗമാക്കാനും അദ്ദേഹം ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. തദ്ദേശീയ കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നെയ്ത്തുതൊഴിലാളികളുടെ ഉപജീവനമാർഗത്തെ ശക്തിപ്പെടുത്തുമെന്നും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവജനങ്ങളിലേക്ക് സന്ദേശമെത്തിക്കാൻ ജനപ്രിയ ട്രെൻഡുകളെയാണ് പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ സന്ദേശത്തിൽ പ്രയോജനപ്പെടുത്തിയത്. അടുത്തിടെ കടന്നുപോയ സൗഹൃദ ദിനം വലിയ ആവേശത്തോടെ ആഘോഷിച്ചതുപോലെ തന്നെ ദേശീയ കൈത്തറി ദിനത്തെയും നെഞ്ചിലേറ്റണമെന്ന് മോദി ഓർമിപ്പിച്ചു. ഇന്ത്യൻ പരമ്പരാഗത വസ്ത്രശൈലിയെ ആധുനിക ഫാഷന്റെ ഭാഗമാക്കാൻ യുവാക്കൾ മുന്നോട്ടുവരണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
Let’s wear handloom in Vibe; Modi’s ‘GRWM’ reel targets Gen Z on Instagram
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt








