ഫ്രെഡറിക്ടൺ: ന്യൂ ബ്രൺസ്വിക്കിലെ റോത്തസേയിൽ കെനെബെക്കാസിസ് നദിക്കരയിൽ നിർമ്മിച്ച പുതിയ ‘റോത്തസേ ഫ്ലോട്ട് വാക്ക്’ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പ്രദേശത്തെ ഈസ്റ്റ് റിവർസൈഡ് കിങ്ഹർസ്റ്റ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ഈ ഒഴുകുന്ന നടപ്പാത (floating dock), സന്ദർശകർക്കും പ്രദേശവാസികൾക്കും നദിയുടെ മനോഹരമായ കാഴ്ചകൾ കാണാനും ചിലവഴിക്കാനുമുള്ള സൗകര്യമൊരുക്കുന്നു. നദീതീര വിനോദസഞ്ചാരത്തിന് ഉണർവേകുന്നതിനൊപ്പം നാട്ടുകാർക്ക് പുതിയൊരു വിശ്രമകേന്ദ്രം ഉറപ്പാക്കുക എന്നതും മുൻനിർത്തിയാണ് നഗരസഭ ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്.
2018, 2019 വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്ക സമയത്ത് അടിയന്തര ആവശ്യങ്ങൾക്കായി നഗരസഭ വാങ്ങിയ ഫ്ലോട്ടിംഗ് ഭാഗങ്ങൾ ഉപയോഗിച്ചാണ് ഈ നടപ്പാത നിർമ്മിച്ചിരിക്കുന്നത്. വെള്ളപ്പൊക്ക ഭീഷണി ഒഴിവായി ഇവ സംഭരണകേന്ദ്രത്തിൽ തുടർന്നതോടെ, അവ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ പുതിയൊരു നടപ്പാതയാക്കി മാറ്റാൻ ജീവനക്കാർ നിർദ്ദേശിക്കുകയായിരുന്നു. വെള്ളത്തിലെ തിരമാലകൾക്കനുസരിച്ച് മുകളിലേക്കും താഴേക്കും നീങ്ങാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. വലിയ കാറ്റും പ്രതികൂല കാലാവസ്ഥയും ഉണ്ടാകുമ്പോൾ സുരക്ഷ മുൻനിർത്തി നടപ്പാത അടച്ചിടാൻ ഗേറ്റ് സ്ഥാപിക്കുന്ന കാര്യവും അധികൃതർ പരിഗണിക്കുന്നുണ്ട്.
നിലവിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇവിടെ നിന്നും നദിയിലേക്ക് ചാടുന്നതിനും നീന്തുന്നതിനും ബോട്ടുകൾ കെട്ടിയിടുന്നതിനും വിലക്കുണ്ട്. ഭാവിയിൽ ബജറ്റ് അനുവദിക്കുകയാണെങ്കിൽ ഈ നടപ്പാത ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള റെൻഫോർത്ത് വാർഫ് വരെ നീട്ടാൻ ആഗ്രഹിക്കുന്നതായി റോത്തസേ മേയർ മാറ്റ് അലക്സാണ്ടർ വ്യക്തമാക്കി. ഔദ്യോഗികമായി തുറന്നുകൊടുത്തതോടെ നിരവധി ആളുകളാണ് നദിയുടെ ഭംഗി ആസ്വദിക്കാനായി ഇപ്പോൾ ഇവിടെ എത്തുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Walk over the river: New floating walkway in New Brunswick draws attention.





