ഒട്ടാവ: കാനഡയിൽ ജൂതവിഭാഗക്കാർക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിലും വംശീയ അധിക്ഷേപങ്ങളിലും ഭയന്ന് കുടുംബങ്ങൾക്ക് അമേരിക്കയിൽ അഭയാർത്ഥി പദവി നൽകണമെന്ന ആവശ്യം ശക്തമാകുന്നു. ട്രംപ് ഭരണകൂടം ഇതിനായി അടിയന്തരമായി ഇളവുകൾ അനുവദിക്കണമെന്ന് യു.എസിലെ പ്രമുഖ സംഘടനകളും കൺസർവേറ്റീവ് തിങ്ക് ടാങ്കുകളും ആവശ്യപ്പെട്ടു.
ജൂത വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ കാരണം കാനഡയിലെ ജൂത വിഭാഗത്തിൽപ്പെട്ട ആളുകൾ കടുത്ത ഭീതിയിലാണ്. ഒക്ലഹോമ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘തുൾസ ടുമോറോ’, ‘ജൂയിഷ് തുൾസ’ എന്നീ സംഘടനകൾ വഴി കാനഡ വിടാൻ ആഗ്രഹിക്കുന്ന 800 മുതൽ 900 വരെ കുടുംബങ്ങൾ ഇതിനോടകം സഹായം തേടിയിട്ടുണ്ടെന്ന് ജൂയിഷ് തുൾസ എക്സിക്യൂട്ടീവ് ഡയറക്ടർ ജോ റോബർട്ട്സ് വ്യക്തമാക്കി. കനേഡിയൻ ഭരണകൂടം ജൂത പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ‘അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ട്’ പോലുള്ള കൺസർവേറ്റീവ് സംഘടനകളും അഭയാർത്ഥി പദവിക്കായി വാദിക്കുന്നുണ്ട്.
അമേരിക്കയിലും ജൂതന്മാർക്കെതിരെയുള്ള ആക്രമണം വർദ്ധിച്ചുവരുന്നുണ്ടെങ്കിലും കാനഡയെക്കാൾ കർശനമായ നിയമനടപടികളാണ് യു.എസ് സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ കാനഡയിൽ നിന്നുള്ള ജൂതവിഭാഗക്കാർക്ക് നിലവിൽ പ്രത്യേക അഭയാർത്ഥി പദവി നൽകുന്ന കാര്യം യു.എസിന്റെ ഔദ്യോഗിക പരിഗണനയിലില്ലെന്ന് ട്രംപിന്റെ പ്രത്യേക പ്രതിനിധി റബ്ബി യെഹൂദ കപ്ലൂൺ അറിയിച്ചു. സ്വന്തം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കനേഡിയൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് അമേരിക്ക നിലവിൽ ആവശ്യപ്പെടുന്നത്.
Asylum in the US for Canadian Jews? New demand placed before the Trump administration.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





