ന്യൂഡൽഹി: രാജ്യത്ത് സർവീസ് നടത്തുന്ന വാഹനങ്ങളിൽ 56 ശതമാനത്തിനും തേർഡ് പാർട്ടി ഇൻഷുറൻസ് കവറേജ് ഇല്ലെന്ന കണ്ടെത്തലിന് പിന്നാലെ, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിഷേധിക്കുന്ന പൈലറ്റ് പദ്ധതി പരിഗണിക്കാൻ സുപ്രീംകോടതി നിർദേശം നൽകി. വാഹനാപകടങ്ങളിൽപ്പെടുന്ന ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും അർഹമായ നഷ്ടപരിഹാരം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നിർണായക നീക്കം. രാജ്യത്തെ 30.48 കോടി വാഹനങ്ങളിൽ 16.54 കോടിയും തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാതെയാണ് നിരത്തിലിറങ്ങുന്നതെന്ന ധനകാര്യ സ്ഥിരം സമിതിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും (ഐആർഡിഎഐ) ചേർന്ന് ഇന്ധന വിതരണം ഇൻഷുറൻസ് നിലയുമായി ബന്ധിപ്പിക്കുന്ന പദ്ധതി തയ്യാറാക്കാനാണ് കോടതി ഉത്തരവിട്ടത്. പമ്പുകളിലെത്തുന്ന വാഹനങ്ങൾക്ക് സാധുവായ ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനം നൽകുന്നത് തടയുന്നതാണ് ഈ സംവിധാനം. ഈ നിർദേശത്തിൽ പെട്രോളിയം മന്ത്രാലയത്തിന് തത്വത്തിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കിയ കോടതി, നിരത്തുകളിലെ എഎൻപിആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ) ക്യാമറകൾ വാഹൻ പോർട്ടലുമായി ബന്ധിപ്പിച്ച് ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് തത്സമയം ഇ-ചെലാൻ അയക്കാനും നിർദേശിച്ചിട്ടുണ്ട്.
ഇതോടൊപ്പം പുതിയ വാഹനങ്ങളുടെ നിർബന്ധിത തേർഡ് പാർട്ടി ഇൻഷുറൻസ് കാലാവധി സുപ്രീംകോടതി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. പുതിയ കാറുകളുടെ കുറഞ്ഞ ഇൻഷുറൻസ് കാലാവധി മൂന്നിൽ നിന്ന് നാല് വർഷമായും, ഇരുചക്ര വാഹനങ്ങളുടേത് അഞ്ചിൽ നിന്ന് ആറ് വർഷമായുമാണ് ഉയർത്തിയത്. കൂടാതെ, ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അടിസ്ഥാന തേർഡ് പാർട്ടി ഇൻഷുറൻസിനൊപ്പം ഡ്രൈവർ, യാത്രികർ, വാഹനത്തിനുണ്ടാകുന്ന കേടുപാടുകൾ എന്നിവയ്ക്ക് അധിക കവറേജ് തിരഞ്ഞെടുക്കാവുന്ന നാല് തലങ്ങളുള്ള പുതിയ ഇൻഷുറൻസ് നയത്തിനും കോടതി അംഗീകാരം നൽകി.
56% of vehicles do not have insurance; Supreme Court orders to consider denying fuel
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




