ചണ്ഡീഗഡ്: കാനഡ, യുകെ, യുഎസ് അടക്കമുള്ള വിദേശ രാജ്യങ്ങൾ കുടിയേറ്റ-വീസ നിയമങ്ങൾ കർശനമാക്കിയതോടെ പഞ്ചാബിൽ നിന്നുള്ള യുവാക്കളുടെ വിദേശമോഹം പൊലിഞ്ഞു. കാനഡ പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) നിബന്ധനകൾ കടുപ്പിച്ചതും, നോൺ-ക്രെഡിറ്റ് കോഴ്‌സുകളിൽ ചേർന്ന വിദ്യാർത്ഥികൾ നാടുകടത്തൽ ഭീഷണിയിലായതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. വിദേശത്ത് ജോലിയും പി.ആറും ലഭിക്കില്ലെന്ന് ഉറപ്പായതോടെ ആയിരക്കണക്കിന് യുവാക്കളാണ് ഉന്നതപഠനത്തിനായി പഞ്ചാബിലെ പ്രാദേശിക സർവ്വകലാശാലകളെ ആശ്രയിക്കാൻ നിർബന്ധിതരായിരിക്കുന്നത്. നിരവധി യുവാക്കൾ വിദേശത്തുനിന്ന് നാട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
യുവാക്കൾ നാട്ടിൽ തുടരുന്നതോടെ 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതത്തിലും പോളിംഗ് ശതമാനത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 2022-ലെ തിരഞ്ഞെടുപ്പിൽ 18-19 വയസ്സുള്ള വോട്ടർമാരിൽ നല്ലൊരു പങ്കും വിദേശത്തായിരുന്നതിനാലോ ഐ.ഇ.എൽ.ടി.എസ് (IELTS) തയ്യാറെടുപ്പിലായിരുന്നതിനാലോ കുറഞ്ഞ പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ സ്ഥിതി മാറി യുവ വോട്ടർമാരുടെ സജീവ സാന്നിധ്യം ഉണ്ടാകും.
അതേസമയം, വൻതുക കടമെടുത്തും ഭൂമി വിറ്റും മക്കളെ വിദേശത്തേക്ക് അയച്ച ഗ്രാമീണ കുടുംബങ്ങൾ ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. വ്യാജ ഏജന്റുമാരുടെ തട്ടിപ്പും തൊഴിലില്ലായ്മയും മൂലം കഷ്ടപ്പെടുന്ന യുവാക്കളുടെ രോഷം തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമായി മാറും. വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ശിരോമണി അകാലിദൾ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
Canada's visa restrictions: Young people returning to Punjab; vote bank dynamics set to shift in the next assembly election.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





