മോൺട്രിയൽ: ക്യുബെക്ക് പ്രവിശ്യയിൽ സ്ഥിരതാമസത്തിന് ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത. ജൂലൈ 30-ന് നടന്ന ഇമിഗ്രേഷൻ സെലക്ഷൻ റൗണ്ടിലൂടെ 523 ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള ക്ഷണം ലഭിച്ചു. പ്രവിശ്യയുടെ സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാമിന്റെ (PSTQ) നാല് സ്ട്രീമുകളിലൂടെയുമാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്.
അടിയന്തര തൊഴിൽ പ്രതിസന്ധിയും നൈപുണ്യ ശേഷിയും പരിഗണിച്ച് ഇന്റർമീഡിയറ്റ്, മാനുവൽ മേഖലകളിലെ തൊഴിലാളികൾക്കാണ് ഏറ്റവും കൂടുതൽ ക്ഷണം ലഭിച്ചത്. ഈ വർഷം ക്യുബെക്ക് നടത്തുന്ന ഏഴാമത്തെ സെലക്ഷൻ റൗണ്ടാണിത്. ജൂലൈ 27 വൈകുന്നേരം അരിമ പോർട്ടൽ വഴി ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്.
വിവിധ സ്ട്രീമുകളിലെ തെരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിക്കുമ്പോൾ, ഉയർന്ന യോഗ്യതയുള്ളവരും സ്പെഷ്യലൈസ്ഡ് സ്കില്ലുകളുള്ളവരുമായ സ്ട്രീം 1 വഴി 105 പേർക്ക് ക്ഷണം ലഭിച്ചു. ബയോളജിസ്റ്റുകൾ, പ്രീ-സ്കൂൾ അധ്യാപകർ, ഫിസിഷ്യൻ അസിസ്റ്റന്റുമാർ, ഫാർമസി ടെക്നീഷ്യൻമാർ, സോഷ്യൽ വർക്കർമാർ, ഷെഫ് തുടങ്ങിയ മേഖലകളിലുള്ളവരാണ് ഇതിൽ ഉൾപ്പെട്ടത്.
ഇന്റർമീഡിയറ്റ്, മാനുവൽ സ്കില്ലുകൾ ഉൾപ്പെടുന്ന സ്ട്രീം 2 വഴിയാണ് ഏറ്റവും കൂടുതൽ പേരെ (296 പേർ) തെരഞ്ഞെടുത്തത്. ടീച്ചർ അസിസ്റ്റന്റുമാർ, ഹോം കെയർ ഗിവർമാർ, മെഡിക്കൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റുമാർ, കുക്ക്, ക്ലീനർമാർ തുടങ്ങിയ തൊഴിലുകളിലുള്ളവർക്ക് ഇതിൽ മുൻഗണന ലഭിച്ചു. നിയന്ത്രിത പ്രൊഫഷനുകളിൽ പ്രവർത്തിക്കുന്നവർക്കായുള്ള സ്ട്രീം 3 വഴി 110 അപേക്ഷകർക്കും, പ്രത്യേക കഴിവും ഡോക്ടറേറ്റ് അടക്കമുള്ള ഉയർന്ന യോഗ്യതയുമുള്ളവർക്കായുള്ള സ്ട്രീം 4 വഴി 12 പേർക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
ക്യുബെക്കിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദഗ്ദ്ധ തൊഴിലാളികൾക്കായുള്ള പ്രധാന സാമ്പത്തിക ഇമിഗ്രേഷൻ പാതയാണ് PSTQ. അരിമ പോർട്ടൽ വഴി താല്പര്യം അറിയിക്കുന്നവരിൽ നിന്ന് യോഗ്യതയുള്ളവരെ തിരഞ്ഞെടുത്ത് ക്യൂബെക്ക് സെലക്ഷൻ സർട്ടിഫിക്കറ്റ് (CSQ) നൽകും. ഇത് ഉപയോഗിച്ചാണ് പിന്നീട് കനേഡിയൻ ഫെഡറൽ ഗവൺമെന്റിന് സ്ഥിരതാമസത്തിനായി അപേക്ഷ സമർപ്പിക്കുന്നത്. ക്യുബെക്ക് എക്സ്പീരിയൻസ് പ്രോഗ്രാം (PEQ) പുനരാരംഭിച്ച സാഹചര്യത്തിൽ നിലവിൽ അപേക്ഷകളുടെ എണ്ണത്തിൽ പ്രവിശ്യ ചില താൽക്കാലിക ക്രമീകരണങ്ങൾ വരുത്തുന്നുണ്ട്.
Quebec PSTQ Draw: Here are the details of the draw held on July 30.





