മോങ്ക്ടൺ : യാത്രാച്ചെലവുകൾ കുതിച്ചുയരുന്ന കാലത്ത് ഹോട്ടൽ മുറികൾക്ക് പകരം വീടുകൾ പരസ്പരം കൈമാറി യാത്ര ചെയ്യുന്ന ‘ഹോം എക്സ്ചേഞ്ച്’ തരംഗമാകുന്നു. ന്യൂ ബ്രൺസ്വിക്കിലാണ് ബജറ്റ് ഒതുക്കി വിനോദസഞ്ചാരം നടത്താൻ ആളുകൾ വലിയതോതിൽ ഈ വഴി തിരഞ്ഞെടുക്കുന്നത്. താമസച്ചെലവ് പൂർണമായി ഒഴിവാക്കാൻ സാധിക്കുന്നതോടെ കൂടുതൽ ദിവസങ്ങൾ യാത്ര ചെയ്യാനും പ്രാദേശിക സംസ്കാരം അടുത്തറിയാനും സഞ്ചാരികൾക്ക് സാധിക്കുന്നു. ഒരു രാത്രിയിലെ ഹോട്ടൽ വാടകയ്ക്ക് തുല്യമായ വാർഷിക അംഗത്വ ഫീസ് മാത്രം നൽകി ലോകത്തിന്റെ ഏത് കോണിലും താമസമൊരുക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.
സ്പെയിനിലെ മൂന്ന് നഗരങ്ങളിലേക്ക് നടത്തുന്ന 16 ദിവസത്തെ യാത്രയിൽ സൗജന്യമായി താമസിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ക്രിസ്റ്റ മക്കല്ലം എന്ന സഞ്ചാരി. ഹോം എക്സ്ചേഞ്ചിലൂടെ താമസച്ചെലവ് ഒഴിവായതുകൊണ്ട് എട്ട് ദിവസത്തെ യാത്രാ ബജറ്റിൽ 16 ദിവസം ചെലവഴിക്കാൻ സാധിച്ചതായി ക്രിസ്റ്റ വ്യക്തമാക്കുന്നു. സമാനമായി, വിരമിക്കലിന് ശേഷം കഴിഞ്ഞ 10 വർഷത്തിനിടെ ഒമ്പതോളം രാജ്യങ്ങളിലേക്ക് ഇത്തരം സൗജന്യ താമസ സൗകര്യത്തോടെ യാത്ര ചെയ്തതായി ഡെബോറ റോബിഷോ എന്ന യാത്രക്കാരിയും സാക്ഷ്യപ്പെടുത്തുന്നു. പാരിസിലെ ഈഫൽ ഗോപുരത്തിന് അഭിമുഖമായുള്ള അപ്പാർട്ട്മെന്റിൽ 12 ദിവസം താമസിച്ചതും പ്രാദേശിക വിപണികളിൽ നിന്ന് സാധനങ്ങൾ വാങ്ങി ഭക്ഷണം പാകം ചെയ്തു കഴിച്ചതുമൊക്കെ മികച്ച അനുഭവമായിരുന്നുവെന്ന് ഇവർ ഓർത്തെടുക്കുന്നു.
നാണയപ്പെരുപ്പവും ഉയർന്ന ഹോട്ടൽ നിരക്കുകളും വർധിച്ച സാഹചര്യത്തിൽ, ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. പ്രമുഖ പ്ലാറ്റ്ഫോമായ ‘ഹോം എക്സ്ചേഞ്ച്’ നൽകുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം ന്യൂ ബ്രൺസ്വിക്കിൽ 200-ലധികം വീട് കൈമാറ്റങ്ങളാണ് നടന്നത്; അതായത് മുൻവർഷത്തെ അപേക്ഷിച്ച് 55 ശതമാനത്തിന്റെ വർധനവ്. അറ്റ്ലാന്റിക് മേഖലയിലാകെ ആയിരത്തിലധികം കൈമാറ്റങ്ങൾ നടന്നു. ഇത്തരം യാത്രകൾ സഞ്ചാരികൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിനൊപ്പം പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും പ്രാദേശിക കച്ചവടക്കാർക്കും പിന്തുണയാകുന്നുവെന്ന് വാട്ടർലൂ സർവകലാശാലയിലെ പ്രൊഫസറായ കാർല ബോലുക് ചൂണ്ടിക്കാണിക്കുന്നു.
അപരിചിതർക്ക് സ്വന്തം വീട് തുറന്നുനൽകുന്നതിൽ ആളുകൾക്കുള്ള ആശങ്ക പരസ്പരമുള്ള ആശയവിനിമയത്തിലൂടെയും വീഡിയോ കോളുകളിലൂടെയുമാണ് പരിഹരിക്കുന്നത്. ഹ്രസ്വകാല വാടക വീടുകളിൽ നിന്ന് വ്യത്യസ്തമായി, പരസ്പര ബഹുമാനത്തിലും ഉത്തരവാദിത്തത്തിലുമാണ് ഇത്തരം കൈമാറ്റങ്ങൾ പ്രവർത്തിക്കുന്നത്. എത്തുന്ന അതിഥികൾക്ക് പ്രദേശത്തിന്റെ തനത് വിഭവങ്ങളും മധുരപലഹാരങ്ങളും സ്വാഗതസമ്മാനമായി നൽകി തങ്ങളുടെ സംസ്കാരം പങ്കുവെക്കാനും ആതിഥേയർ ശ്രദ്ധിക്കുന്നു. യാത്രകളെ കൂടുതൽ ജനകീയവും സുസ്ഥിരവുമാക്കുന്ന ഈ രീതിക്ക് ആഗോളതലത്തിൽ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
A new way to reduce travel costs; ‘Home Exchange’ becomes a trend in New Brunswick
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




