ഒട്ടാവ : റഷ്യയ്ക്കെതിരായ യുദ്ധത്തിൽ മുന്നണിയിൽ പോരാടുന്ന വനിതാ സൈനികർക്ക് മികച്ച സംരക്ഷണം ഉറപ്പാക്കാൻ കനേഡിയൻ ഡിസൈനിലുള്ള പ്രത്യേക ‘ബോഡി ആർമറുകൾ’ പരീക്ഷിച്ച് യുക്രെയ്ൻ. നിലവിൽ പുരുഷന്മാർക്കായി രൂപകൽപ്പന ചെയ്ത ഭാരമേറിയതും വലുതുമായ ബോഡി ആർമറുകളാണ് വനിതാ സൈനികരിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത്. വസ്ത്രങ്ങളുടെയും പ്രതിരോധ കവചങ്ങളുടെയും അനുയോജ്യമല്ലാത്ത അളവ് കാരണം ജീവൻ രക്ഷാ കവചങ്ങൾ പലപ്പോഴും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് വനിതാ സൈനികർ. ഇത് പരിഹരിക്കാനായാണ് യുകെ സംഭാവന നൽകിയ കനേഡിയൻ നിർമ്മിത വളഞ്ഞ ബാലസ്റ്റിക് പ്ലേറ്റുകളുള്ള 2,000 ബോഡി ആർമറുകൾ യുക്രെയ്ൻ സേനയുടെ ഭാഗമാക്കുന്നത്.

യുക്രെയ്ൻ നാഷണൽ ഗാർഡ് ഉദ്യോഗസ്ഥയായ ‘കുദ്രിയാവ’ ഉൾപ്പെടെയുള്ള വനിതാ സൈനികർ നിലവിലുള്ള ആർമറുകൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ആർമറുകൾ ശരീരത്തോട് ചേർന്നിരിക്കാത്തത് മൂലം നെഞ്ചിന്റെ ഭാഗത്തും കഴുത്തിന് താഴെയും വലിയ വിടവുകൾ രൂപപ്പെടുകയും ഇത് ഡ്രോൺ ആക്രമണങ്ങളിലോ ഷെല്ലാക്രമണങ്ങളിലോ ഗുരുതരമായ പരിക്കുകൾക്ക് കാരണമാകുകയും ചെയ്യുന്നു. കനേഡിയൻ കമ്പനിയായ എൻപി എയറോസ്പേസ് വികസിപ്പിച്ച പുതിയ വളഞ്ഞ പ്ലേറ്റുകൾ ശരീരത്തോട് ചേർന്നുനിൽക്കുന്നതിനാൽ പരമ്പരാഗത പ്ലേറ്റുകളെ അപേക്ഷിച്ച് 48 ശതമാനം കൂടുതൽ സുരക്ഷ ഉറപ്പുനൽകുന്നുണ്ടെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
യുക്രെയ്നിൽ നിലവിൽ പതിനായിരത്തിലധികം വനിതകളാണ് മുൻനിര പോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വനിതാ സൈനികർക്ക് അനുയോജ്യമായ വസ്ത്രങ്ങളും സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കാൻ പാർലമെന്റ് അംഗമായ ഐറിന നൈകോറാക്കിന്റെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ‘ആം വുമൺ നൗ’ എന്ന എൻജിഒ വഴി ഇവർ നൂറുകണക്കിന് വനിതാ സൈനികർക്ക് പ്രത്യേക ആർമറുകൾ എത്തിച്ചുനൽകിയിട്ടുണ്ട്. ഉക്രൈന്റെ ഈ മാതൃക പിന്തുടർന്ന് കാനഡ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും വനിതാ സൈനികർക്കായി പ്രത്യേക ബോഡി ആർമറുകൾ പുറത്തിറക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങളിലാണ്.
Special body armor for female soldiers; Ukraine supports Canada’s test
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




