ബി.സി; റിച്ച്മണ്ടിന് സമീപമുള്ള ജോർജിയ കടലിടുക്കിൽ (Strait of Georgia) മുങ്ങിയ മത്സ്യബന്ധന ചാർട്ടർ ബോട്ട് അന്വേഷണത്തിന്റെ പ്രധാന തെളിവായതിനാൽ അതീവ ജാഗ്രതയോടെ വേണം വെള്ളത്തിൽ നിന്ന് ഉയർത്തേണ്ടതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അറിയിച്ചു. അപകടത്തിൽ ആറുപേർ മരിച്ചതായി കരുതപ്പെടുന്നുണ്ടെങ്കിലും, ഇവരുടെ മൃതദേഹങ്ങൾ ബോട്ടിനുള്ളിലുണ്ടോയെന്നത് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.
കടൽനിരപ്പിൽ നിന്ന് ഏകദേശം 150 മീറ്റർ ആഴത്തിൽ സമുദ്രത്തിന്റെ അടിത്തട്ടിലാണ് ബോട്ട് കിടക്കുന്നത്. ബോട്ട് സുരക്ഷിതമായി ഉയർത്താനുള്ള മാർഗങ്ങൾ ആർസിഎംപിയും മറ്റ് ബന്ധപ്പെട്ട ഏജൻസികളും ചേർന്ന് സജീവമായി പരിശോധിച്ചുവരികയാണെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ജൂൺ 28-നാണ് ബോട്ട് മുങ്ങിയത്. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന 10 പേരിൽ നാലുപേരെ രക്ഷപ്പെടുത്തിയെങ്കിലും, അവരിൽ ഒരാൾ പിന്നീട് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
ദൃക്സാക്ഷികളുടെ മൊഴിപ്രകാരം, വെള്ളത്തിൽ കണ്ടെത്തിയ നാല് പേരിലധികം ആളുകൾ അപകടസമയത്ത് കടലിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ ആറുപേർ മരിച്ചതായാണ് കരുതപ്പെടുന്നത്. അപകടത്തെ തുടർന്ന് Top Vancouver Fishing Charter കമ്പനിയുടെ മറ്റൊരു ബോട്ടും ട്രാൻസ്‌പോർട്ട് കാനഡ തടഞ്ഞിരുന്നു. സുരക്ഷാ വീഴ്ചകളും നിയമലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. സ്വകാര്യ വിനോദ ബോട്ട് വാണിജ്യ യാത്രാവാഹനമായി ഉപയോഗിച്ചതും കണ്ടെത്തിയ പ്രധാന വീഴ്ചകളിലൊന്നാണ്.
മുങ്ങിയ ബോട്ടിന്റെ ക്യാപ്റ്റൻ ചെൻ മിങ്ങിന്റെ അമ്മയും സുഹൃത്തും, അപകടത്തിന് മുമ്പ് ബോട്ടിന്റെ വശത്തെ വാതിൽ തകരാറിലായിരുന്ന കാര്യം അദ്ദേഹം തങ്ങളോട് പറഞ്ഞിരുന്നുവെന്ന് The Canadian Press-നോട് വെളിപ്പെടുത്തി. ഈ മാസം ആദ്യം വെള്ളത്തിനടിയിലുള്ള ഡ്രോൺ ഉപയോഗിച്ച് ബോട്ട് കണ്ടെത്തിയെങ്കിലും, അന്ന് മൃതദേഹങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല. കാണാതായവരുടെ പ്രായം 22നും 33നും ഇടയിലാണെന്ന് പൊലീസ് അറിയിച്ചു.
Richmond boat accident: Six missing; investigation reaches a critical stage.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






