ന്യൂഡൽഹി: അമേരിക്കയിലെ പ്രമുഖ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ (FBI) തിരയുന്ന പ്രധാന കുറ്റവാളികളുടെ പട്ടികയിൽ പഞ്ചാബ് സ്വദേശിയായ അമൃത്പാൽ സിംഗിനെയും ഉൾപ്പെടുത്തി. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് എഫ്.ബി.ഐ വ്യക്തമാക്കുന്നത്. കേസിൽ അമേരിക്കയിലെ ലോസാഞ്ചലസ് കോടതി ഇയാൾക്കെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.
വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ കൊക്കെയ്ൻ, മെത്താഫെറ്റാമിൻ തുടങ്ങിയ മാരക മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന വൻ സംഘവുമായി അമൃത്പാലിന് അടുത്ത ബന്ധമുണ്ടെന്നാണ് എഫ്.ബി.ഐ കണ്ടെത്തിയത്. വാൻകൂവർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രവീന്ദർ ദന്ത എന്നയാളുടെ മയക്കുമരുന്ന് സംഘത്തിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. ഇയാളെ കണ്ടെത്താനായി 2024-ൽ എടുത്ത ചിത്രവും 5 അടി 9 ഇഞ്ച് ഉയരവുമടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി എഫ്.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം, അമേരിക്കൻ ഏജൻസിയുടെ ഈ വാദങ്ങൾ തള്ളി അമൃത്പാൽ സിംഗിന്റെ കുടുംബം രംഗത്തെത്തി. 2025 ഫെബ്രുവരിയിൽ പഞ്ചാബിലെ ജലന്ധറിലുണ്ടായ റോഡപകടത്തിൽ അമൃത്പാൽ മരിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. അമേരിക്കയിൽ നിന്ന് കുടുംബത്തോടൊപ്പം ജീവിക്കാൻ നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നും അവർ വ്യക്തമാക്കുന്നു. ഇയാൾ മരിച്ചതായി കുടുംബം പറയുമ്പോഴും, അമേരിക്കൻ കോടതിയും അന്വേഷണ ഏജൻസിയും അറസ്റ്റ് നടപടികളുമായി മുന്നോട്ടുപോകുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Indian national on FBI's 'Most Wanted' list; US court issues arrest warrant.






