വാഷിങ്ടൺ: വിദേശ രാജ്യങ്ങളിൽ നിർമ്മിക്കുന്ന പുതിയ ഹ്യൂമനോയിഡ് റോബോട്ടുകളുടെയും പവർ ഇൻവെർട്ടറുകളുടെയും ഇറക്കുമതി പൂർണ്ണമായി നിരോധിച്ച് അമേരിക്ക. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് അമേരിക്കൻ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ വ്യക്തമാക്കിയെങ്കിലും, പ്രമുഖ റോബോട്ട് നിർമ്മാതാക്കളായ ചൈനയെ തളർത്താനാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. ഇത്തരം വിദേശ നിർമ്മിത ഉപകരണങ്ങൾ വഴി സൈബർ സുരക്ഷാ ഭീഷണിയുണ്ടായേക്കാമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, അമേരിക്കയുടെ ഈ നടപടി അംഗീകരിക്കാനാവില്ലെന്നും ഇത് ഇരുരാജ്യങ്ങൾക്കും തിരിച്ചടിയാകുമെന്നും ചൈന പ്രതികരിച്ചു.
നിലവിൽ ലോകത്തെ ഹ്യൂമനോയിഡ് റോബോട്ട് വിപണിയുടെ 85 ശതമാനവും ചൈനയുടെ കൈകളിലാണ്. യുണിട്രീ, എജിഐബോട്ട് തുടങ്ങിയ ചൈനീസ് കമ്പനികൾ ആയിരക്കണക്കിന് റോബോട്ടുകൾ വിൽക്കുമ്പോൾ, ടെസ്‌ല ഉൾപ്പെടെയുള്ള അമേരിക്കൻ കമ്പനികൾക്ക് ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനുപുറമെ, ഡാറ്റാ സെന്ററുകളിലും സോളാർ സംവിധാനങ്ങളിലും ഉപയോഗിക്കുന്ന പവർ ഇൻവെർട്ടറുകൾ കൂടി നിരോധിച്ചത് വിപണിയെ വലിയ രീതിയിൽ ബാധിക്കും. വരുന്ന സെപ്റ്റംബറിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണ്ണായക കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഈ പുതിയ തീരുമാനം വന്നിരിക്കുന്നത്.
അമേരിക്കൻ വിപണി അടയുന്നത് തിരിച്ചടിയാണെങ്കിലും, സ്വന്തമായി വലിയ നിർമ്മാണ സൗകര്യങ്ങളുള്ളതിനാൽ തങ്ങളുടെ റോബോട്ട് വികസനം തടയാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന നിലപാടിലാണ് ചൈന. 2030-ഓടെ ചൈനയിലെ റോബോട്ട് വിപണി പതിന്മടങ്ങ് വളരുമെന്നാണ് കരുതുന്നത്. മുൻപും ചൈനീസ് ഡ്രോണുകൾക്കും മറ്റ് സാങ്കേതികവിദ്യകൾക്കും അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതിൻ്റെ തുടർച്ചയാണ് പുതിയ വിലക്ക്. ദേശീയ സുരക്ഷയുടെ പേര് പറഞ്ഞ് ചൈനീസ് കമ്പനികളെ തളർത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് കുറ്റപ്പെടുത്തി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
US bans foreign robots; move seen as targeting China.





