ന്യൂഡൽഹി: പാക് അധീന കശ്മീരിലെ റവാൽക്കോട്ട് മേഖലയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് പ്രതിഷേധിച്ച സാധാരണക്കാർക്ക് നേരെ പാകിസ്ഥാൻ പൊലീസിന്റെ കൊടുംക്രൂരത. പ്രക്ഷോഭകർക്ക് നേരെ പൊലീസും സുരക്ഷാസേനയും നടത്തിയ ക്രൂരമായ വെടിവെപ്പിൽ 20 പേർ കൊല്ലപ്പെടുകയും അമ്പതിലേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരണ പ്രതിഷേധത്തെയാണ് ഭരണകൂടം പൊലീസിനെ ഉപയോഗിച്ച് നേരിട്ടത്. കൊല്ലപ്പെട്ടവരിൽ അവാമി ആക്ഷൻ കമ്മിറ്റി വക്താവ് ഉമർ നാസിർ കശ്മീരിയുടെ സഹോദരൻ ഉസ്മാൻ നാസിറും ഉൾപ്പെടുന്നു.
കഴിഞ്ഞ ജൂൺ ആദ്യവാരം മുതൽ പാക് ഭരണകൂടത്തിന്റെ അതിക്രമങ്ങൾക്കെതിരെ മേഖലയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ജൂൺ അഞ്ച് മുതൽ പൊലീസിന്റെ ബലപ്രയോഗത്തിലും വെടിവെപ്പിലുമായി ഇതുവരെ 80-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നടപടികൾക്കായി 14,000-ത്തോളം അധിക സായുധ സേനാംഗങ്ങളെ വിന്യസിച്ചാണ് പാക് ഭരണകൂടം ജനകീയ പ്രക്ഷോഭങ്ങളെ നേരിടുന്നത്. പ്രതിഷേധിക്കുന്നവരെ കടുത്ത മാർഗ്ഗങ്ങളിലൂടെ അടിച്ചമർത്താനാണ് സേനയ്ക്ക് നൽകിയിരിക്കുന്ന നിർദേശം.
വെടിവെപ്പിന് പിന്നാലെ റവാൽക്കോട്ടിൽ കടുത്ത ഭീതിയും സംഘർഷാവസ്ഥയും തുടരുകയാണ്. വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ മേഖലയിലെ ഇന്റർനെറ്റ്, വൈദ്യുതി ബന്ധങ്ങൾ പാക് അധികൃതർ വിച്ഛേദിച്ചിട്ടുണ്ട്. പൊലീസിന്റെ ക്രൂരമായ ആക്രമണങ്ങളിൽ നിന്ന് തങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും, ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഭരണകൂട നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും പ്രാദേശിക കൂട്ടായ്മകളും സാമൂഹിക മാധ്യമ പ്രവർത്തകരും ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Police brutality in Pakistan-occupied territory: Firing at protesters; 20 killed.






