ടോക്കിയോ: ജപ്പാൻ സന്ദർശിച്ച കനേഡിയൻ വ്യാപാര പ്രതിനിധി സംഘം 1.7 ബില്യൺ ഡോളറിലധികം മൂല്യമുള്ള വിവിധ വാണിജ്യ കരാറുകളിൽ ഒപ്പുവെച്ചു. ഏഷ്യൻ വിപണിയിൽ കാനഡയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ടോക്കിയോയിൽ സംഘടിപ്പിച്ച ‘ടീം കാനഡ ട്രേഡ് മിഷൻ’ പരിപാടിയിലാണ് ഈ ചരിത്രപരമായ നേട്ടം കൈവരിച്ചത്. കനേഡിയൻ വ്യാപാര ദൗത്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാണിജ്യ കരാറുകളിലൊന്നാണിത്.
ഗ്ലോബൽ അഫയേഴ്സ് കാനഡയുടെ നേതൃത്വത്തിൽ നടന്ന ഈ ദൗത്യത്തിൽ കാനഡയിലെ 175 കമ്പനികളിൽ നിന്നായി മുന്നൂറിലധികം വ്യവസായ പ്രമുഖരാണ് പങ്കെടുത്തത്. കനേഡിയൻ അന്താരാഷ്ട്ര വ്യാപാര മന്ത്രി മണീന്ദർ സിധുവിന്റെ സാന്നിധ്യത്തിലായിരുന്നു പ്രമുഖ കമ്പനികൾ കരാറുകൾ കൈമാറിയത്. കൃഷി, ക്ലീൻ എനർജി, കൃത്രിമബുദ്ധി (AI), പ്രതിരോധം തുടങ്ങിയ മേഖലകളിലെ കനേഡിയൻ കമ്പനികൾ ജാപ്പനീസ് നിക്ഷേപകരുമായി നേരിട്ട് ചർച്ചകൾ നടത്തുകയും ഭാവി സഹകരണത്തിനുള്ള ധാരണകളിലെത്തുകയും ചെയ്തു.
മോൺട്രിയൽ ആസ്ഥാനമായുള്ള കാർബൺ നിർമാർജന കമ്പനിയായ ‘ഡീപ് സ്കൈ’, പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ ‘ബ്ലാക്ക്ബെറി’, ‘ആർ.എസ്.എ.ടി സ്പേസ്’ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ജാപ്പനീസ് കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറച്ച് വിശ്വസനീയമായ പുതിയ വിപണികൾ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വ്യാപാര ബന്ധങ്ങൾക്ക് പുറമെ പ്രതിരോധ-സുരക്ഷാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാനും ഈ ദൗത്യം വഴി സാധിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada strengthens foothold in Asian market: Signs $1.7 billion deals with Japan.






