ഒട്ടാവ: വിൻസറിനെയും അമേരിക്കയിലെ ഡെട്രോയിറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗോർഡി ഹൗ അന്താരാഷ്ട്ര പാലം ഇന്ന് വാഹന ഗതാഗതത്തിനായി തുറന്നു കൊടുത്തു. സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി മാസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചതിനെത്തുടർന്നാണ് വിഖ്യാത ഹോക്കി താരം ഗോർഡി ഹൗവിന്റെ പേരിട്ടിരിക്കുന്ന ഈ പാലം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ശേഷിയുള്ളതാണ് 6.4 ബില്യൺ ഡോളർ ചെലവഴിച്ച് നിർമ്മിച്ച ഈ ആറുവരിപ്പാലം.
നിർമ്മാണത്തിന് പൂർണ്ണമായും അമേരിക്കൻ വസ്തുക്കൾ ഉപയോഗിച്ചില്ലെന്ന കാരണം പറഞ്ഞ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കത്തിൽ പാലം തുറക്കുന്നതിനെ എതിർത്തിരുന്നു. അമേരിക്കയ്ക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാതെ പാലം തുറക്കാൻ അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ തുടർന്ന് നടന്ന ചർച്ചകളിൽ പാലത്തിൽ നിന്നുള്ള വരുമാനം പങ്കുവെക്കുന്നതിൽ കാനഡ ചില മാറ്റങ്ങൾക്ക് തയ്യാറായതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്. 2018-ൽ നിർമ്മാണം ആരംഭിച്ച പാലത്തിന്റെ പണികൾ കോവിഡ് രോഗവ്യാപനം മൂലമാണ് പൂർത്തിയാകാൻ വൈകിയത്.
കാനഡയുടെ ആകെ കയറ്റുമതിയുടെ 70 ശതമാനത്തിലധികം അമേരിക്കയിലേക്കാണ് പോകുന്നത്. നൂറ്റാണ്ടോളമായി അംബാസഡർ പാലത്തിലൂടെ മാത്രം നടന്നിരുന്ന ചരക്കുനീക്കം പുതിയ പാലം വരുന്നതോടെ കൂടുതൽ വേഗതയുള്ളതും ചെലവ് കുറഞ്ഞതുമായി മാറും. വ്യാപാരം, തൊഴിൽ, ടൂറിസം എന്നീ മേഖലകളിൽ കാനഡയ്ക്കും അമേരിക്കയ്ക്കും പുതിയ പാലം വലിയ രീതിയിൽ സഹായകരമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
The wait is over! The Gordie Howe Bridge at the Canada-US border has opened to traffic.






