വിന്നിപെഗ്: മനിറ്റോബയിൽ തുടരുന്ന ഹെപ്പറ്റൈറ്റിസ് A രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗജന്യ വാക്സിൻ ലഭിക്കുന്നവരുടെ പട്ടിക പ്രവിശ്യാ സർക്കാർ വിപുലീകരിച്ചു. 2025 ഏപ്രിലിൽ ഔദ്യോഗികമായി രോഗവ്യാപനം പ്രഖ്യാപിച്ചതിന് പിന്നാലെ വടക്കൻ മനിറ്റോബയിലെ ഇൻഡിജിനസ് സമൂഹങ്ങളിൽ ആരംഭിച്ച രോഗബാധ പിന്നീട് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലേക്കും, പ്രത്യേകിച്ച് വിന്നിപെഗിലേക്കും വ്യാപിച്ചതോടെയാണ് പുതിയ തീരുമാനം.
ഇനി മുതൽ മനിറ്റോബയിലെ ഇൻഡിജിനസ് സമൂഹങ്ങളിൽ താമസിക്കുന്ന ആറുമാസം പ്രായം പൂർത്തിയായ എല്ലാവർക്കും, അത്തരം സമൂഹങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്നവർക്കും, ആ സമൂഹങ്ങളിൽ നിന്നുള്ളവർ വീട്ടിൽ സ്ഥിരമായി സന്ദർശകരായി എത്തുന്നവർക്കും സൗജന്യ ഹെപ്പറ്റൈറ്റിസ് A വാക്സിൻ ലഭിക്കും. നേരത്തേ തന്നെ ഭവനരഹിതർ, ലഹരിമരുന്ന് ഉപയോഗിക്കുന്നവർ, ചില ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർ, പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ എന്നിവർക്കും സൗജന്യ വാക്സിൻ ലഭ്യമായിരുന്നു.
2024 സെപ്റ്റംബർ മുതൽ 2026 ജൂലൈ 16 വരെ മനിറ്റോബയിൽ 898 ഹെപ്പറ്റൈറ്റിസ് A കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 197 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും, എട്ട് പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടേണ്ടിവരികയും, ഏഴ് പേർ മരിക്കുകയും ചെയ്തതായി പ്രവിശ്യാ സർക്കാർ അറിയിച്ചു. രോഗബാധയുള്ള ഇൻഡിജിനസ് സമൂഹങ്ങളുമായി ബന്ധമുള്ളവരിലും ഭവനരഹിതരിലുമാണ് അടുത്തിടെ കൂടുതൽ കേസുകൾ കണ്ടെത്തിയിരിക്കുന്നത്.
വിന്നിപെഗിൽ നിന്ന് ഏകദേശം 750 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഷമറ്റാവ ഫസ്റ്റ് നേഷൻ സമൂഹം ഹെപ്പറ്റൈറ്റിസ് A വ്യാപനം രൂക്ഷമായതിനെ തുടർന്ന് അടുത്തിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ശുദ്ധജലവും മലിനജല സംസ്കരണ സംവിധാനങ്ങളും പരിമിതമായ വിദൂര സമൂഹങ്ങളിലാണ് രോഗവ്യാപനം കൂടുതലായി തുടരുന്നതെന്ന് ആരോഗ്യ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
രോഗബാധിതരുമായി അടുത്ത സമ്പർക്കം, മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് A പ്രധാനമായും പകരുന്നത്. പ്രതിരോധശേഷി കുറഞ്ഞവർക്കും കരൾരോഗമുള്ളവർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും രോഗം ഗുരുതരമാകാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. അർഹരായവർ കുടുംബഡോക്ടർമാർ, പ്രാദേശിക പൊതുജനാരോഗ്യ ഓഫീസുകൾ, ഹെൽത്ത് സെന്ററുകൾ, നഴ്സിംഗ് സ്റ്റേഷനുകൾ എന്നിവ വഴി സൗജന്യ വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Hepatitis A threat severe in Manitoba; 7 deaths, 898 cases.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






