വിന്നിപെഗ്: രോഗികളോട് മോശമായി പെരുമാറുകയും നിയമങ്ങൾ തെറ്റിക്കുകയും ചെയ്ത സംഭവം പുറത്തുവന്നതോടെ വിന്നിപെഗ്ഗിലെ പ്രമുഖ ചർമ്മരോഗ വിദഗ്ദ്ധൻ ഡോ. എർൾ മിനുക്കിന്റെ ചികിത്സാ അനുമതി മാനിറ്റോബയിലെ മെഡിക്കൽ കൗൺസിൽ പരിമിതപ്പെടുത്തി. കഴിഞ്ഞ 40 വർഷമായി ചികിത്സാ രംഗത്തുള്ള ഡോക്ടർ തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾ സമ്മതിച്ചതിനെ തുടർന്നാണ് അധികൃതരുടെ ഈ നടപടി. ഇതോടെ ജൂൺ 30 മുതൽ അദ്ദേഹത്തിന് സാധാരണ രീതിയിൽ രോഗികളെ പരിശോധിക്കാൻ കഴിയില്ല. എന്നാൽ ചർമ്മത്തിലെ അർബുദ പരിശോധന, ലേസർ ചികിത്സ എന്നിവയ്ക്കു മാത്രം പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.
2021-22 കാലയളവിൽ ഒരു സ്ത്രീ രോഗിയെ ഫോൺ വിളിച്ച് ഡേറ്റിന് ക്ഷണിക്കുകയും സമ്മാനങ്ങളും യാത്രകളും വാഗ്ദാനം ചെയ്ത് കൂടെവരാൻ നിർബന്ധിക്കുകയും ചെയ്തു എന്നതാണ് ഡോക്ടർക്കെതിരെയുള്ള പ്രധാന പരാതി. രോഗി താല്പര്യമില്ലെന്ന് പറഞ്ഞിട്ടും ഡോക്ടർ മെസ്സേജുകൾ അയക്കുന്നത് തുടർന്നു. കൂടാതെ, സ്ത്രീ രോഗികളെ പരിശോധിക്കുമ്പോൾ ഒരു വനിതാ ജീവനക്കാരി ഒപ്പമുണ്ടാകണമെന്ന പഴയ ഉത്തരവ് ലംഘിച്ച്, ക്ലിനിക് അടച്ച സമയത്ത് രോഗിയെ തനിയെ കണ്ടതായും അന്വേഷണത്തിൽ കണ്ടെത്തി.
ഡോക്ടറും രോഗിയും തമ്മിലുള്ള വിശ്വാസം തകർക്കുന്ന രീതിയിലാണ് ഡോ. മിനുക്ക് പെരുമാറിയതെന്ന് അന്വേഷണ സംഘം വിലയിരുത്തി. മുൻപും പലപ്പോഴായി രോഗികളോടും സ്വന്തം ക്ലിനിക്കിലെ ജീവനക്കാരോടും ഇയാൾ മോശമായി പെരുമാറിയതിന് പരാതികൾ ഉണ്ടായിരുന്നു. ഇനി മുതൽ സ്ത്രീ രോഗികളെ പരിശോധിക്കുമ്പോൾ നിർബന്ധമായും വനിതാ ജീവനക്കാരി ഒപ്പമുണ്ടാകണമെന്നും, അന്വേഷണച്ചെലവിലേക്കായി 10,000 ഡോളർ അടയ്ക്കണമെന്നും കൗൺസിൽ ഉത്തരവിട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Mistreatment of patients: Prominent Winnipeg doctor banned from practicing.






