ബ്രിട്ടീഷ് കൊളംബിയ; ബ്രിട്ടീഷ് കൊളംബിയയിൽ വിദ്യാർഥിനിയുമായി ലൈംഗിക സ്വഭാവമുള്ള സന്ദേശങ്ങൾ കൈമാറിയ സംഭവത്തിൽ മുൻ ഹൈസ്കൂൾ അധ്യാപകന് അഞ്ച് വർഷത്തേക്ക് അധ്യാപന വിലക്ക്. 2023 മേയിൽ താൻ പഠിപ്പിച്ചിരുന്ന ഒരു വിദ്യാഭ്യാസ പരിപാടിയിലെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുമായാണ് സന്ദേശങ്ങൾ കൈമാറിയതെന്ന് അധ്യാപക നിയന്ത്രണ കമ്മിഷണറുമായുള്ള ധാരണാപത്രത്തിന്റെ വ്യക്തമാക്കുന്നു. വിദ്യാർഥിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി അധ്യാപകൻ ജോലി ചെയ്തിരുന്ന സ്കൂളിന്റെയോ പരിപാടിയുടെയോ പേര് പുറത്തുവിട്ടിട്ടില്ല.
അന്വേഷണ രേഖകൾ പ്രകാരം, വിദ്യാർഥിനിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച അർധനഗ്ന ചിത്രങ്ങൾ കണ്ട ശേഷമാണ് അധ്യാപകൻ ലൈംഗിക സൂചനകളുള്ള നിരവധി സന്ദേശങ്ങൾ അയച്ചത്. വിദ്യാർഥിനിയുടെ ചിത്രങ്ങളെക്കുറിച്ചുള്ള വ്യക്തിപരമായ പരാമർശങ്ങളും സ്വന്തം സ്വകാര്യ സാഹചര്യങ്ങളെ ലൈംഗിക അർത്ഥം വരുന്ന രീതിയിൽ വിവരിക്കുന്ന സന്ദേശങ്ങളും ഇതിലുണ്ടായിരുന്നു. സന്ദേശങ്ങൾ അയച്ച സമയത്ത് മദ്യലഹരിയിലായിരുന്നുവെന്ന് അധ്യാപകൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും, അത് തന്റെ പെരുമാറ്റത്തിന് ന്യായീകരണമല്ലെന്ന് പിന്നീട് അദ്ദേഹം സമ്മതിച്ചു.
സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അധ്യാപക സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്യില്ലെന്ന് അദ്ദേഹം എഴുത്തുപരമായ ഉറപ്പ് നൽകിയിരുന്നു. തുടർന്ന് 2025 ജൂണിൽ അദ്ദേഹം ഔദ്യോഗികമായി രാജിവെക്കുകയും ചെയ്തു. സംഭവം പരിശോധിച്ച അധ്യാപക നിയന്ത്രണ കമ്മിഷണർ, അധ്യാപകന്റെ പ്രവൃത്തി അധികാരസ്ഥാനത്തോടും വിദ്യാർഥികൾ അർപ്പിക്കുന്ന വിശ്വാസത്തോടുമുള്ള ഗുരുതരമായ ലംഘനമാണെന്നും ഇത് വിദ്യാർഥിനിയുടെ മാനസിക സുരക്ഷയെ ബാധിച്ചെന്നും വിലയിരുത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപക സർട്ടിഫിക്കറ്റ് റദ്ദാക്കുകയും അഞ്ച് വർഷത്തേക്ക് പുതിയ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. ഇതേ സംഭവത്തിൽ കുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ വലയിലാക്കാൻ ശ്രമിച്ചെന്ന കുറ്റവും അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നെങ്കിലും, കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തി കോടതി കഴിഞ്ഞ വർഷം അധ്യാപകനെ വെറുതെവിട്ടിരുന്നു.
Teacher banned for five years by authorities for sending obscene messages to a female student.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






