വാൻകൂവർ : ബ്രിട്ടീഷ് കൊളംബിയയിലുള്ള കിംബർലി നഗരത്തിന് സമീപം കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നതിനെത്തുടർന്ന് നഗരത്തിലുടനീളം ഒഴിപ്പിക്കൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഈസ്റ്റ് കൂട്ടനേ മേഖലയിലെ കിംബർലി നഗരപരിധിയിലുള്ള എല്ലാ വസ്തുവകകളെയും ബാധിക്കുന്നതാണ് ഈ നിർദേശം. നഗരത്തിലെ ഏകദേശം 9,000ത്തോളം നിവാസികളോട് നിലവിൽ പ്രദേശം വിട്ടുപോകാൻ ഉത്തരവിട്ടിട്ടില്ലെങ്കിലും, സാഹചര്യങ്ങൾ വഷളാകുന്ന പക്ഷം ഒഴിപ്പിച്ചുമാറ്റാൻ സജ്ജരായിരിക്കാൻ അധികൃതർ നിർദേശിച്ചു. ശനിയാഴ്ച കണ്ടെത്തിയ മാത്യൂ ക്രീക്ക് കാട്ടുതീ ഞായറാഴ്ച വൈകുന്നേരത്തോടെ 5.67 ചതുരശ്ര കിലോമീറ്റർ (567 ഹെക്ടർ) വ്യാപ്തിയിൽ പടർന്നതായി റിപ്പോർട്ടുണ്ട്.
കിഴുക്കാംതൂക്കായ മലനിരകളിൽ ഉയർന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായതെന്നും, ഇത് രക്ഷാപ്രവർത്തകർക്ക് നേരിട്ടെത്താൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ബി.സി. വൈൽഡ്‌ഫയർ സർവീസ് അറിയിച്ചു. ശക്തമായ കാറ്റും കുത്തനെയുള്ള ചെരിവുകളും കാരണം ശനിയാഴ്ച വേഗത്തിൽ പടർന്നുപിടിച്ച തീയുടെ തീവ്രത ഞായറാഴ്ചയോടെ കുറഞ്ഞിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മൂന്ന് ഹെലികോപ്റ്ററുകളും വൻകിട യന്ത്രസാമഗ്രികളും ഉപയോഗിച്ചാണ് നിലവിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്.
ഇതിനുപുറമെ, മാത്യൂ ക്രീക്ക് കാട്ടുതീക്ക് തെക്കുപടിഞ്ഞാറായി പടരുന്ന മറ്റ് രണ്ട് തീപിടിത്തങ്ങൾ കാരണം സെന്റ് മേരീസ് തടാക മേഖലയിലെ 66 വസ്തുവകകൾക്കും റീജിയണൽ ഡിസ്ട്രിക്റ്റ് ഓഫ് ഈസ്റ്റ് കൂട്ടനേ പ്രത്യേകം ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നൽ മൂലമാണ് ഇവ ഉണ്ടായതെന്ന് കരുതപ്പെടുന്നു. വെള്ളിയാഴ്ച മാത്രം ബ്രിട്ടീഷ് കൊളംബിയയിൽ 4,000-ത്തിലധികം ഇടിമിന്നലുകളാണ് രേഖപ്പെടുത്തിയത്. കാട്ടുതീ പുക രൂക്ഷമായതിനെത്തുടർന്ന് ക്രാൻബ്രൂക്ക് ഉൾപ്പെടെയുള്ള തെക്കൻ ഈസ്റ്റ് കൂട്ടനേ മേഖലയിൽ എൻവയോൺമെന്റ് കാനഡ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.British
Columbia under threat of wildfires: Nearly 9,000 residents on alert
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





