മാനിറ്റോബ: വടക്കൻ ഒന്റാറിയോയിൽ പടരുന്ന ശക്തമായ കാട്ടുതീയെത്തുടർന്ന് അയൽ പ്രവിശ്യയായ മാനിറ്റോബയിൽ വായു ഗുണനിലവാരം ഗുരുതരമായ നിലയിലേക്ക് താഴ്ന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രൂപപ്പെട്ട ന്യൂനമർദ്ദത്തെത്തുടർന്നാണ് ഒന്റാറിയോയിലെ ഇരുനൂറോളം കാട്ടുതീകളിൽ നിന്നുള്ള പുക മാനിറ്റോബയിലേക്ക് വ്യാപിച്ചത്. നിലവിൽ പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും കനത്ത പുകമഞ്ഞിലാണ്. എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചെയ്ഞ്ച് കാനഡ പുറപ്പെടുവിച്ച വായു ഗുണനിലവാര സൂചികയിൽ (AQHI) മാനിറ്റോബയിലെ അന്തരീക്ഷ മലിനീകരണ തോത് ഏറ്റവും ഉയർന്ന അപകടനിലയായ പത്തിൽ (10+) രേഖപ്പെടുത്തിയിട്ടുണ്ട്.
പുകമഞ്ഞ് ശക്തമായതോടെ ജനങ്ങൾ കടുത്ത ശ്വാസതടസ്സവും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും നേരിടുകയാണ്. അന്തരീക്ഷം പെട്ടെന്ന് മങ്ങിയതിനെത്തുടർന്ന് പലരും ഇത് സാധാരണ മൂടൽമഞ്ഞാണെന്ന് ആദ്യ ഘട്ടത്തിൽ തെറ്റിദ്ധരിച്ചിരുന്നു. പുക ശ്വസിക്കുന്നത് വഴി ശ്വാസതടസ്സം, കടുത്ത ചുമ, കണ്ണെരിച്ചിൽ, തലവേദന എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ശ്വാസകോശ രോഗങ്ങളായ ആസ്ത്മ, സി.ഓ.പി.ഡി (COPD) എന്നിവയുള്ളവർക്കും കുട്ടികൾക്കും പ്രായമായവർക്കും ഈ സാഹചര്യം കൂടുതൽ ദോഷകരമായി ബാധിക്കുമെന്നാണ് മാനിറ്റോബ സർവകലാശാലയിലെ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരമായി തുടരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രവിശ്യാ അധികൃതർ നിർദ്ദേശിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ജനങ്ങൾ അനാവശ്യമായ പുറത്തുപോക്കുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നാണ് പ്രധാന നിർദ്ദേശം. ശ്വാസകോശ രോഗബാധിതർ വായു ഗുണനിലവാര മുന്നറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും, അടിയന്തിര ഘട്ടങ്ങളിൽ മാത്രം യാത്രകൾ പരിമിതപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ontario wildfires spread; heavy smoke blankets Manitoba; public warned to stay alert.






