ഒട്ടാവ: അമേരിക്കയെ മാത്രമായി പ്രത്യേക വ്യാപാര കരാർ ഉണ്ടാക്കാൻ മെക്സിക്കോയ്ക്ക് പദ്ധതിയില്ലെന്ന് മെക്സിക്കൻ വിദേശകാര്യ സെക്രട്ടറി റോബർട്ടോ വെലാസ്കോ ആൽവാരസ് അറിയിച്ചു. കാനഡ, അമേരിക്ക, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളും ചേർന്നുള്ള ‘കുസ്മ’ (CUSMA) വ്യാപാര കരാർ പഴയതുപോലെ തന്നെ ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് മൂന്ന് രാജ്യങ്ങളും ആഗ്രഹിക്കുന്നതെന്ന് ഒട്ടാവയിൽ നടന്ന വാർത്താസമ്മേളനത്തിൽ കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദിനൊപ്പം അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായി മെക്സിക്കോ തനിയെ കരാറുണ്ടാക്കുമെന്ന വാർത്തകൾ പരന്ന സാഹചര്യത്തിലാണ് ഈ ഔദ്യോഗിക പ്രതികരണം.
വ്യാപാര കരാർ അടുത്ത 16 വർഷത്തേക്ക് കൂടി നീട്ടുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക ചില പുതിയ നിബന്ധനകൾ മുന്നോട്ടുവെച്ചതാണ് നിലവിലെ ചർച്ചകൾക്ക് കാരണം. കാനഡയെക്കാൾ വേഗത്തിൽ മെക്സിക്കോ അമേരിക്കയുമായുള്ള ചർച്ചകളിൽ മുന്നേറുന്നുണ്ടെന്ന് അമേരിക്കൻ വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാനഡ ചില നികുതികൾ പിൻവലിച്ചെങ്കിലും ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് അമേരിക്കയുടെ നിലപാട്. എന്നാൽ, ഓരോ രാജ്യത്തിനും അമേരിക്കയുമായി സംസാരിക്കാൻ വ്യത്യസ്ത വിഷയങ്ങളുണ്ടെന്നും അതിനാൽ തങ്ങളുടെ ചർച്ചകളെ തമ്മിൽ താരതമ്യം ചെയ്യേണ്ടതില്ലെന്നും കാനഡയും മെക്സിക്കോയും വ്യക്തമാക്കി.
വ്യാപാര ചർച്ചകളിൽ കാനഡയ്ക്കൊപ്പം ഒരുമിച്ച് നിൽക്കാനാണ് മെക്സിക്കോയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കാനഡയുമായുള്ള സൗഹൃദം പുതുക്കാനും കുറ്റകൃത്യങ്ങൾ തടയാനുമായി 12 മില്യൺ ഡോളറിന്റെ സഹായം കാനഡ പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള അടുത്ത ഘട്ട ചർച്ചകൾ മെക്സിക്കോ സിറ്റിയിൽ നടക്കും. അതേസമയം, കാനഡയും അമേരിക്കയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി മാർക്ക് കാർണിയും നേരിട്ട് ചർച്ച നടത്തേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
No separate deal with the US; Mexico backs Canada.






