ഒന്റാരിയോ; കാനഡയിലുടനീളം കാട്ടുതീ വ്യാപനം വീണ്ടും ശക്തമായിരിക്കുകയാണ്. വെള്ളിയാഴ്ച പുറത്തുവിട്ട ദേശീയ കണക്കുകൾ പ്രകാരം രാജ്യത്ത് 895 സജീവ കാട്ടുതീകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച ഇത് 858 ആയിരുന്നു. പുതുതായി 30 തീപിടിത്തങ്ങൾ കൂടി സ്ഥിരീകരിച്ചതോടെയാണ് എണ്ണം ഉയർന്നത്. ഇതിൽ ഒൻപത്തെണ്ണം മനുഷ്യന്റെ ഭാഗത്ത് നിന്ന് ഉണ്ടായതാണെന്നാണ് റിപ്പോർട്ട്..
15 എണ്ണം പ്രകൃതിദത്ത കാരണങ്ങളാലും ഉണ്ടായതാണെന്ന് അധികൃതർ അറിയിച്ചു. ശേഷിക്കുന്ന ആറിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അറ്റ്ലാന്റിക് പ്രവിശ്യകൾ മുതൽ ബ്രിട്ടിഷ് കൊളംബിയ വരെ വിവിധ ഭാഗങ്ങളിലായി തീ പടരുന്നതിനിടെ നിരവധി പ്രദേശങ്ങളിൽ ഒഴിപ്പിക്കൽ നടപടികളും തുടരുകയാണ്. വടക്കൻ ഒന്റാറിയോയിൽ തീപിടിത്തത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾ നശിച്ചതായും കനത്ത പുക വ്യാപകമായി പടർന്നതായും റിപ്പോർട്ടുണ്ട്. ടൊറന്റോയിലെ വായു മലിനീകരണനില ഈ ആഴ്ച ലോകത്തിലെ ഏറ്റവും മോശം നിലകളിൽ ഒന്നായി രേഖപ്പെടുത്തിയിരുന്നു.
കനത്ത പുക ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ബ്രിട്ടിഷ് കൊളംബിയയിലെ ബോസ്റ്റൺ ബാറിന് സമീപവും നോവ സ്കോഷ്യയിലെ ജാക്കറ്റ് ലേക്ക് മേഖലയിലും നിയന്ത്രണാതീതമായ കാട്ടുതീ കാരണം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അതേസമയം, സസ്‌കചെവാനിലെ ലാ റോംഗിൽ കണ്ടെത്തിയ രണ്ട് മരണങ്ങൾ കാട്ടുതീയുമായി ബന്ധപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം.
നിലവിലെ 895 തീപിടിത്തങ്ങളിൽ 126 എണ്ണം നിയന്ത്രണാതീതമായും 28 എണ്ണം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലുമാണ്. 70 തീപിടിത്തങ്ങൾ നിയന്ത്രണത്തിലായപ്പോൾ, 100 ഇടങ്ങളിൽ പ്രത്യേക ഇടപെടൽ തുടരുകയും 571 തീപിടിത്തങ്ങൾ നിരീക്ഷണത്തിലുമാണ്. ഇതുവരെ ഏകദേശം 28 ലക്ഷം ഹെക്ടർ ഭൂമിയാണ് കാട്ടുതീ ബാധിച്ചത്. എന്നിരുന്നാലും, 2023ലെ റെക്കോർഡ് കാട്ടുതീ സീസണിനെ അപേക്ഷിച്ച് നിലവിലെ സാഹചര്യം അത്ര രൂക്ഷമല്ലെന്നാണ് വിലയിരുത്തൽ.
ഇതിനിടെ കാട്ടുതീ നിയന്ത്രണത്തിൽ കാനഡ കൂടുതൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മിഷിഗണിലെ ചില നിയമസഭാംഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ, യുഎസും കാനഡയും തമ്മിലുള്ള സഹകരണം മാതൃകാപരമാണെന്ന് അമേരിക്കൻ സ്ഥാനപതി പീറ്റ് ഹോക്സ്ട്ര പ്രതികരിച്ചു. വനങ്ങളിൽ വർഷങ്ങളായുള്ള തീ നിയന്ത്രണ നയങ്ങളും കാലാവസ്ഥാ വ്യതിയാനവും കാട്ടുതീ ഭീഷണി വർധിപ്പിച്ചിട്ടുണ്ടെന്നും, അപകടസാധ്യത കുറയ്ക്കാൻ 2025ൽ വിവിധ മേഖലകളിലായി 719 ഹെക്ടറിൽ പ്രതിരോധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും പാർക്സ് കാനഡ അറിയിച്ചു.
Canada choking in smog; air pollution and evacuations intensify.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






