വിന്നിപെഗ്: മാനിറ്റോബ പ്രവിശ്യയിൽ റീസൈക്ലിംഗ് നിയമങ്ങളിൽ സുപ്രധാന മാറ്റം. ഇനി മുതൽ ഉപയോഗിച്ച പേപ്പർ കപ്പുകളും പ്രവിശ്യയിലുടനീളമുള്ള ബ്ലൂ ബിന്നുകളിലേക്ക് (റീസൈക്ലിംഗ് ബോക്സുകൾ) മാറ്റാമെന്ന് മൾട്ടി-മെറ്റീരിയൽ സ്റ്റുവാർഡ്ഷിപ്പ് മാനിറ്റോബ (MMSM) ഔദ്യോഗികമായി അറിയിച്ചു. ബുധനാഴ്ച പുറത്തിറക്കിയ അറിയിപ്പിലാണ്, മറ്റ് റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കൾക്കൊപ്പം പേപ്പർ കപ്പുകളും ശേഖരിക്കാൻ അനുമതി നൽകിയതായി സംഘടന വ്യക്തമാക്കിയത്. റീസൈക്ലിംഗ് പ്രക്രിയ പൊതുജനങ്ങൾക്ക് കൂടുതൽ എളുപ്പമാക്കുന്നതിനാണ് ഈ പുതിയ തീരുമാനം.
പേപ്പർ കപ്പുകളുടെ ഉൾഭാഗത്തെ പ്രത്യേക കോട്ടിംഗും കപ്പുകളിലെ കടുത്ത നിറങ്ങളും കാരണമാണ് ഇതിനുമുമ്പ് ഇവ റീസൈക്കിൾ ചെയ്യാൻ അനുവദിക്കാതിരുന്നത്. എന്നാൽ റീസൈക്ലിംഗ് നടത്തുന്ന വിവിധ സേവനദാതാക്കളുമായി അധികൃതർ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പുതിയ സാങ്കേതിക പരിഹാരം കണ്ടെത്തിയത്. കപ്പുകൾ മറ്റ് മിശ്ര പേപ്പറുകൾക്കൊപ്പം വേർതിരിച്ച് കൃത്യമായി സംസ്കരിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പുതിയ മാറ്റം നടപ്പിലാക്കുന്നത്. ഇതോടെ ദീർഘകാലമായി നിലനിന്നിരുന്ന ഒരു പ്രധാന തടസ്സമാണ് നീങ്ങുന്നത് എന്ന് MMSM എക്സിക്യൂട്ടീവ് ഡയറക്ടർ ക്രിസ്റ്റ റസ്റ്റ് വ്യക്തമാക്കി.
അതേസമയം, കോഫി കപ്പുകളുടെ മുകളിലുള്ള പ്ലാസ്റ്റിക് മൂടികൾ (lids) ഇപ്പോഴും റീസൈക്കിൾ ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. അതിനാൽ കപ്പുകളിലെ ദ്രാവകങ്ങൾ പൂർണ്ണമായി ഒഴിവാക്കിയ ശേഷം, പ്ലാസ്റ്റിക് മൂടി വേർപെടുത്തണം. കപ്പ് മാത്രം ബ്ലൂ ബിന്നിലിടാനും മൂടി സാധാരണ മാലിന്യപ്പെട്ടിയിൽ നിക്ഷേപിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശമുണ്ട്. മാനിറ്റോബയിലെ മാലിന്യ സംസ്കരണം കൂടുതൽ ഫലപ്രദമാക്കാൻ ഈ പുതിയ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Changes to recycling rules in Manitoba; paper cups now go into blue bins.






