ടൊറന്റോ: കടുത്ത ഉഷ്ണതരംഗത്തിനും വായുമലിനീകരണത്തിനും നടുവിൽ ടൊറന്റോ നഗരം ശ്വാസം മുട്ടുന്നു. നഗരത്തിലെ താപനില ക്രമാതീതമായി ഉയരുന്നതിനിടെ വായുനിലവാരവും മോശമായത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. എൻവയോൺമെന്റ് കാനഡയുടെ എയർ ക്വാളിറ്റി ഹെൽത്ത് ഇൻഡക്സ് പ്രകാരം ടൊറന്റോയിലെ വായുനിലവാരം നിലവിൽ മിതമായ അപകടസാധ്യതയുള്ള ലെവൽ 5 വിഭാഗത്തിലാണ്.

ഈയാഴ്ച മുഴുവൻ നഗരത്തിൽ താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിൽ തന്നെ തുടരും. ചൊവ്വാഴ്ച താപനില 37 ഡിഗ്രി വരെ ഉയർന്നേക്കാം. ഹ്യുമിഡെക്സ് കണക്കുകൾ പ്രകാരം ഇത് 45 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. അന്തരീക്ഷ മർദ്ദത്തിലുണ്ടായ മാറ്റങ്ങൾ കാരണം ചൂടുകാറ്റ് മുകളിലേക്ക് ഉയരാതെ താഴെത്തട്ടിൽ തന്നെ തങ്ങിനിൽക്കുന്നതാണ് വായുമലിനീകരണത്തിന് പ്രധാന കാരണം. കൂടാതെ വടക്കൻ ഒന്റാറിയോയിലെ കാട്ടുതീ മൂലം വരുംദിവസങ്ങളിൽ വായുനിലവാരം കൂടുതൽ മോശമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
സാധാരണക്കാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പ്രായമായവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ പുറത്തിറങ്ങുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ശ്വാസതടസ്സമോ തൊണ്ടവേദനയോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഔട്ട്ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കുകയോ സമയം മാറ്റിവെക്കുകയോ ചെയ്യണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Toronto gasps for air; severe air pollution and poor air quality.





