സോഷ്യൽ മീഡിയയുടെയും സ്മാർട്ട്ഫോണുകളുടെയും അമിത ഉപയോഗം യുവാക്കളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നത് വലിയൊരു ചർച്ചാവിഷയമാണ്. ഇതിനിടയിലാണ് സ്മാർട്ട്ഫോണുകൾ പൂർണ്ണമായും ഉപേക്ഷിച്ച് പഴയകാല ഫ്ലിപ്പ് ഫോണുകളിലേക്ക് തിരിച്ചുപോകാൻ കാനഡയിലെ ഒരു വിഭാഗം യുവാക്കൾ തീരുമാനിച്ചിരിക്കുന്നത്. കാനഡയിലെ 17-കാരനായ ജാരെറ്റ് ഗ്രോസ് എന്ന യുവാവാണ് സ്മാർട്ട്ഫോൺ ഉപേക്ഷിച്ചുകൊണ്ട് ഈ മാറ്റത്തിന് തുടക്കമിട്ടത്. സോഷ്യൽ മീഡിയയിൽ മണിക്കൂറുകളോളം സമയം ചിലവഴിക്കുന്നത് മാനസികമായി വലിയ തളർച്ചയുണ്ടാക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്മാർട്ട്ഫോൺ ഒഴിവാക്കി ഫ്ലിപ്പ് ഫോണിലേക്ക് മാറിയത്.
ഈ മാറ്റം ശാസ്ത്രീയമായി പരിശോധിക്കാൻ മനോരോഗ വിദഗ്ധനായ ഡോ. ബ്ലേക്ക് ഓസ്മസുമായി ചേർന്ന് ഗ്രോസ് ഒരു കേസ് സ്റ്റഡി നടത്തി. സുഹൃത്തുക്കളെ ഉൾപ്പെടുത്തി രണ്ട് മാസത്തോളം സ്മാർട്ട്ഫോൺ ഒഴിവാക്കി ഫ്ലിപ്പ് ഫോൺ ഉപയോഗിക്കാൻ നിർദ്ദേശിച്ചു. ഈ കാലയളവിൽ ഇവരുടെ മസ്തിഷ്ക പ്രവർത്തനങ്ങളും മാനസികാരോഗ്യവും പഠനവിധേയമാക്കി. സ്മാർട്ട്ഫോണുകൾ ഒഴിവാക്കിയപ്പോൾ യുവാക്കളിൽ ഉത്കണ്ഠ, സമ്മർദ്ദം, വിഷാദം എന്നിവയുടെ അളവ് ഗണ്യമായി കുറഞ്ഞതായി ഡോക്ടർമാർ കണ്ടെത്തി. എന്നാൽ, പിന്നീട് വീണ്ടും സ്മാർട്ട്ഫോണുകൾ ഉപയോഗിച്ചു തുടങ്ങിയപ്പോൾ ഈ ബുദ്ധിമുട്ടുകൾ തിരിച്ചുവന്നു. തലച്ചോറിലെ മുൻഭാഗത്ത് കാണപ്പെടുന്ന ആൽഫ തരംഗങ്ങളിൽ ഉണ്ടായ കുറവ് തലച്ചോറിലെ ആശയക്കുഴപ്പങ്ങൾ കുറയാൻ കാരണമായെന്ന് പഠനം വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയും ഗെയിമുകളും ഒഴിവാക്കിയതോടെ യുവാക്കൾ പരസ്പരം സംസാരിക്കാനും യഥാർത്ഥ ജീവിതത്തിൽ കൂടുതൽ സമയം ചിലവഴിക്കാനും തുടങ്ങിയെന്ന് ഗ്രോസ് പറയുന്നു. സ്മാർട്ട്ഫോൺ വിപണിയിലും ഈ മാറ്റം പ്രകടമാണ്. നേരത്തെ പ്രായമായവർ മാത്രമാണ് ഫ്ലിപ്പ് ഫോണുകൾ വാങ്ങിയിരുന്നതെങ്കിൽ, ഇപ്പോൾ യുവാക്കളും തങ്ങളുടെ മക്കൾ സോഷ്യൽ മീഡിയയിൽ സമയം കളയുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളും ഫ്ലിപ്പ് ഫോണുകൾ തേടിയെത്തുന്നുണ്ടെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. സ്മാർട്ട്ഫോൺ യുഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ജീവിതത്തെ കൂടുതൽ സന്തോഷകരവും സജീവവുമാക്കുന്നുവെന്നാണ് ഈ യുവാക്കളുടെ അനുഭവസാക്ഷ്യം.
Why some young Canadians are ditching their smartphones and what a unique brain study revealed
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






