മൈസൂരു: ദശാബ്ദങ്ങളോളം തെന്നിന്ത്യൻ സിനിമാ സംഗീത ലോകത്തെ തന്റെ മാസ്മരിക ശബ്ദം കൊണ്ട് ധന്യമാക്കിയ എസ്. ജാനകി (88) വിടവാങ്ങി. തലമുറകളെ പാട്ടിന്റെ പാലാഴിയിലേക്ക് കൈപിടിച്ചു നടത്തിയ ആ മധുരശബ്ദം ഇനി കാലത്തിന്റെ ഓർമകളിൽ മാത്രം. ഞായറാഴ്ച രാത്രി 7.30-ഓടെ മൈസൂരുവിലെ വസതിയിൽ വെച്ച് കുഴഞ്ഞുവീണാണ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട ഗായിക ലോകത്തോട് വിടപറഞ്ഞത്.

മൈസൂരു മഹാരാജാസ് കോളജ് മൈതാനത്ത് പൊതുദർശനത്തിന് വെച്ച ഭൗതികദേഹം കാണാൻ സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട ഗായികയ്ക്ക് അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയ ആരാധകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തുടർന്ന്, വൈകിട്ട് നാലരയോടെ മൈസൂരുവിലെ കനിയനഹുണ്ഡി ഫാം ഹൗസിലേക്ക് ഭൗതികദേഹം മാറ്റി. മൈസൂരുവിൽ തന്നെ അന്ത്യവിശ്രമം കൊള്ളണമെന്നത് ഗായികയുടെ അന്ത്യാഭിലാഷമായിരുന്നു. ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാരച്ചടങ്ങുകൾക്ക് ചെറുമകൾ അപ്സര വൈദ്യുല നേതൃത്വം നൽകി.
ഏകമകനും നർത്തകനുമായ മുരളീകൃഷ്ണ (65) കഴിഞ്ഞ ജനുവരിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചത് ജാനകിയമ്മയെ മാനസികമായി ഏറെ തളർത്തിയിരുന്നു. മകന്റെ വിയോഗത്തിന് ശേഷം ചെറുമകൾ അപ്സരയ്ക്കൊപ്പമായിരുന്നു ഗായികയുടെ താമസം. അരനൂറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയ്ക്കിടയിൽ പതിനായിരക്കണക്കിന് ഗാനങ്ങൾക്ക് ശബ്ദം നൽകിയ ജാനകിയമ്മയുടെ വിയോഗം ഇന്ത്യൻ സിനിമാ സംഗീതശാഖയ്ക്ക് നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭാഷകൾക്കും അതിരുകൾക്കും അതീതമായി സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ആ മധുരശബ്ദത്തിന് വിട.
The final rites of renowned playback singer S. Janaki have been completed
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





