ഒട്ടാവ: ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടുന്നതുകൊണ്ട് കാനഡയിലും അമേരിക്കയിലുമായി 1,000 പുതിയ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങാൻ ‘ആസ്ട്രക്സ് ചാർജിംഗ് നെറ്റ്‌വർക്ക്’ ഒരുങ്ങുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ ലക്ഷ്യം പൂർത്തിയാക്കാനാണ് ഒന്റാരിയോയിൽ നിന്നുള്ള ഈ പുതിയ കമ്പനി പ്ലാൻ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഒന്റാരിയോയിലെ മാർക്കത്തുള്ള 7500 വുഡ്ബൈൻ അവന്യൂവിൽ കമ്പനിയുടെ ആദ്യത്തെ ചാർജിംഗ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. വളരെ കുറഞ്ഞ സമയം കൊണ്ട് വണ്ടികൾ ചാർജ് ചെയ്യാം എന്നതാണ് ഇവിടുത്തെ പ്രത്യേകത.
കഴിഞ്ഞ വർഷം (2025) തുടങ്ങിയ ഈ കമ്പനിയുടെ മാർക്കറ്റ് സ്റ്റേഷനിൽ വലിയ ശേഷിയുള്ള ഫാസ്റ്റ് ചാർജറുകളാണ് ഉള്ളത്. ഇതുകാരണം വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ തന്നെ വണ്ടികൾക്ക് 100 കിലോമീറ്റർ വരെ ഓടാൻ സാധിക്കും. വണ്ടിയുടെ മോഡൽ അനുസരിച്ച് ഏകദേശം 10 ഡോളർ മാത്രമാണ് ഇതിന് ചിലവ് വരിക. മറ്റ് സ്റ്റേഷനുകളിലെപ്പോലെ മൊബൈൽ ആപ്പുകളോ പ്രത്യേക അക്കൗണ്ടുകളോ ഇതിന് ആവശ്യമില്ല. പകരം ക്രെഡിറ്റ് കാർഡ്, ക്യുആർ കോഡ്, ആപ്പിൾ പേ, ഗൂഗിൾ പേ എന്നിവ വഴി നേരിട്ട് പണമടയ്ക്കാം. അതുകൊണ്ടുതന്നെ, ഇവിടെയെത്തുന്ന വണ്ടികളുടെ എണ്ണത്തിൽ ഇപ്പോൾ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്.
2050-ഓടെ പുകയും വായുമലിനീകരണവും പൂർണ്ണമായി ഇല്ലാതാക്കാനുള്ള സർക്കാരിന്റെ തീരുമാനം ഇലക്ട്രിക് വണ്ടികളുടെ വിപണിക്ക് വലിയ തുണയാകും. ഭാവിയിൽ ചാർജിംഗ് സ്റ്റേഷനുകളുടെ ആവശ്യം കൂടാൻ ഇതും ഒരു കാരണമാണ്. ആദ്യ സ്റ്റേഷൻ മാർക്കത്തിലാണെങ്കിലും നോർത്ത് യോർക്ക്, ലണ്ടൻ, ഒട്ടാവ തുടങ്ങിയ നഗരങ്ങളിലേക്കും ഈ പദ്ധതി ഉടൻ വ്യാപിപ്പിക്കും. വെറുമൊരു ചാർജിംഗ് സെന്റർ എന്നതിനപ്പുറം, നാളത്തെ ആധുനിക യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Astrax Network launches with 1,000 new fast-charging stations; the first station has commenced operations in Ontario.






