ടൊറന്റോ: ഒന്റാറിയോയിലെ കുറഞ്ഞതും സാധാരണ വരുമാനമുള്ള കുടുംബങ്ങൾക്കുള്ള 2026-27 വർഷത്തെ ആദ്യ ഒന്റാറിയോ ട്രില്ലിയം ബെനിഫിറ്റ് (OTB) വിതരണം ജൂലൈ 10 വെള്ളിയാഴ്ച മുതൽ ആരംഭിക്കും. വിപണിയിലെ വിലക്കയറ്റം കണക്കിലെടുത്ത് ഇത്തവണ ആനുകൂല്യ തുകയിൽ സർക്കാർ വർധനവ് വരുത്തിയിട്ടുണ്ട്. ഒന്റാറിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ്, എനർജി-പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റ്, നോർത്തേൺ ഒന്റാറിയോ എനർജി ക്രെഡിറ്റ് എന്നീ മൂന്ന് സഹായങ്ങൾ ചേർത്താണ് കാനഡ റവന്യൂ ഏജൻസി (CRA) ഈ തുക ജനങ്ങൾക്ക് നൽകുന്നത്. കൈപ്പറ്റുന്ന തുകയ്ക്ക് ആരും നികുതി നൽകേണ്ടതില്ല.
കഴിഞ്ഞ 2025 വർഷത്തെ നികുതി വിവരങ്ങൾ (Tax Return) കൃത്യമായി സമർപ്പിക്കുകയും ‘ON-BEN’ ഫോം പൂരിപ്പിച്ചു നൽകുകയും ചെയ്തവർക്കാണ് ഈ പണം ലഭിക്കുക. പുതിയ നിരക്ക് പ്രകാരം സെയിൽസ് ടാക്സ് ഇനത്തിൽ ഒരാൾക്ക് വർഷം തോറും പരമാവധി 378 ഡോളർ വരെ കിട്ടും. വീട്ടുചെലവുകൾക്കും ഊർജ്ജ ആവശ്യങ്ങൾക്കുമുള്ള ക്രെഡിറ്റ് ഇനത്തിൽ 18 മുതൽ 64 വയസ്സുവരെയുള്ളവർക്ക് പരമാവധി 1,309 ഡോളറും, 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് പരമാവധി 1,490 ഡോളറും ലഭിക്കും. വടക്കൻ ഒന്റാറിയോയിൽ താമസിക്കുന്നവർക്ക് നോർത്തേൺ ഒന്റാറിയോ എനർജി ക്രെഡിറ്റ് വഴി തനിച്ചു താമസിക്കുന്നവർക്ക് 189 ഡോളറും കുടുംബങ്ങൾക്ക് 291 ഡോളറും വരെ ലഭിക്കും.
നിങ്ങൾക്ക് വർഷത്തിൽ ആകെ ലഭിക്കുന്ന തുക 500 ഡോളറിലും കൂടുതലാണെങ്കിൽ, ഈ മാസം മുതൽ അടുത്ത വർഷം (2027) ജൂൺ വരെ എല്ലാ മാസവും 10-ാം തീയതികളിൽ ചെറിയ ഗഡുക്കളായിട്ടായിരിക്കും പണം ബാങ്ക് അക്കൗണ്ടിലെത്തുക. എന്നാൽ ആകെ തുക 500 ഡോളറോ അതിൽ താഴെയോ ആണെങ്കിൽ മുഴുവൻ പണവും ജൂലൈ 10ന് തന്നെ ഒറ്റത്തവണയായി ലഭിക്കും. കഴിഞ്ഞ വർഷത്തെ നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകിയവർക്ക് തുക ലഭിക്കാൻ താമസം നേരിട്ടേക്കാം. ഇങ്ങനെയുള്ളവർക്ക് തങ്ങളുടെ അർഹതയും പണം വരുന്ന വിവരങ്ങളും സി.ആർ.എ (CRA) മൈ അക്കൗണ്ട് വഴി ഓൺലൈനായി പരിശോധിക്കാവുന്നതാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ontario Trillium Benefit: Revised amounts, adjusted for rising costs, to be paid out starting tomorrow.






