അഞ്ച് വർഷത്തെ കാനഡയിലെ ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഒരു 26-കാരൻ പങ്കുവെച്ച ഹൃദയഭേദകമായ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. കാനഡയിൽ സ്ഥിരതാമസമാക്കാൻ കഴിയാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നതോടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും താൻ നേരിടുന്ന അവഗണനയും പരിഹാസവുമാണ് ഈ യുവാവ് റെഡ്ഡിറ്റിലൂടെ തുറന്നു പറയുന്നത്.

കാനഡയിലായിരുന്നപ്പോൾ മാസന്തോറും നാട്ടിലേക്ക് പണം അയക്കുമായിരുന്നെന്നും ആ സമയത്ത് എല്ലാവർക്കും തന്നെ വലിയ കാര്യമായിരുന്നുവെന്നും യുവാവ് വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ സ്ഥിരവരുമാനമില്ലാത്തതുകൊണ്ട് ആളുകൾ തന്നെ നോക്കുന്ന രീതി പൂർണ്ണമായും മാറിയെന്നും ഇത് ഏറെ വേദനപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. വിവാഹത്തെക്കുറിച്ചുള്ള നിരന്തരമായ ചോദ്യങ്ങളും കാനഡയിൽ തന്നെ തുടരാൻ കഴിഞ്ഞില്ലല്ലോ എന്ന രീതിയിലുള്ള പരിഹാസങ്ങളും തന്നെ മാനസികമായി വലിയ തോതിൽ തളർത്തുന്നുണ്ടെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു. ചില ദിവസങ്ങളിൽ നിയമവിരുദ്ധമായി കാനഡയിൽ തന്നെ തുടരാമായിരുന്നല്ലോ എന്ന് പോലും ചിന്തിച്ചു പോകുന്ന രീതിയിൽ താൻ മാനസികമായി തകർന്നിരിക്കുകയാണെന്ന് അദ്ദേഹം വേദനയോടെ കുറിച്ചു.
എന്നാൽ, റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ കുറിപ്പിന് താഴെ വലിയൊരു വിഭാഗം ആളുകൾ പിന്തുണയുമായി എത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ വാക്കുകൾക്ക് വില കൊടുക്കാതെ സ്വന്തം കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പലരും നൽകുന്ന ഉപദേശം. നാളെ നല്ലൊരു ജോലി ലഭിച്ചാൽ ഇവർ തന്നെ നിങ്ങളെ അഭിനന്ദിക്കുമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ യുവാവിനെ ആശ്വസിപ്പിക്കുന്നു. അമിത പ്രതീക്ഷകളും കടുത്ത സാമൂഹിക സമ്മർദ്ദങ്ങളും കാരണം പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്ന നിരവധി പേർ സമാനമായ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന യാഥാർത്ഥ്യമാണ് ഈ സംഭവം വീണ്ടും ചർച്ചയാക്കുന്നത്.
Student Shares ‘Heartbreaking’ Reality Of Returning To India After 5 Years in Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




