ന്യൂഡൽഹി: വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർക്ക് നൽകിവരുന്ന ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) സേവനങ്ങൾ ഇനിമുതൽ പൂർണ്ണമായും ഓൺലൈൻ വഴിയാക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒസിഐ സേവനങ്ങൾ ഡിജിറ്റലാക്കി മാറ്റിക്കൊണ്ട് പുതിയ ‘ഇ-ഒസിഐ’ (e-OCI) കാർഡുകൾ ജൂൺ 30-ന് പുറത്തിറക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്കാരം. ലോകമെമ്പാടുമുള്ള അമ്പത് ലക്ഷത്തോളം വരുന്ന ഒസിഐ കാർഡ് ഉടമകൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ തീരുമാനം.
പുതിയ സംവിധാനം നിലവിൽ വന്നതോടെ ഒസിഐ കാർഡിനായി അപേക്ഷകർക്ക് ഇനിമുതൽ എംബസികളിലോ കോൺസുലേറ്റുകളിലോ നേരിട്ട് പോകേണ്ടതില്ല. അപേക്ഷ സമർപ്പിക്കുന്നതും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുന്നതും പൂർണ്ണമായും ഓൺലൈൻ വഴിയായിരിക്കും. അപേക്ഷ അംഗീകരിച്ച ശേഷം ഡിജിറ്റലായി തയ്യാറാക്കുന്ന ഇ-ഒസിഐ കാർഡ് ഓൺലൈനിലൂടെ തന്നെ ഡൗൺലോഡ് ചെയ്ത് എടുക്കാനും സാധിക്കും. നിലവിൽ ഒസിഐ കാർഡുള്ളവർക്കും പുതിയ അപേക്ഷയോ നേരിട്ടുള്ള പരിശോധനകളോ ഇല്ലാതെ തന്നെ തങ്ങളുടെ കാർഡുകൾ ഓൺലൈൻ വഴി ഇ-ഒസിഐ കാർഡുകളാക്കി മാറ്റാൻ കഴിയും. ഡിജിറ്റൽ കാർഡായതിനാൽ ഇത് നഷ്ടപ്പെടുമെന്നോ കേടുപാടുകൾ സംഭവിക്കുമെന്നോ ഉള്ള ആശങ്കയും ഇനി വേണ്ടതില്ല.
ഇതിനുപുറമേ, 20 വയസ്സിന് ശേഷം പുതിയ പാസ്‌പോർട്ട് എടുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കണമെന്ന നിലവിലെ നിബന്ധനയും കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. ഇനി മുതൽ പുതിയ പാസ്‌പോർട്ട് എടുക്കുമ്പോൾ ഒസിഐ കാർഡ് വീണ്ടും പുതുക്കേണ്ടതില്ല. പകരം, പുതിയ പാസ്‌പോർട്ടിന്റെ വിവരങ്ങൾ ഒസിഐ പോർട്ടലിൽ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്താൽ മാത്രം മതിയാകും. കാർഡ് ഉടമയുടെ രജിസ്‌ട്രേഷൻ നമ്പർ എപ്പോഴും ഒന്നുതന്നെയായി തുടരുകയും ചെയ്യും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
No need to visit the consulate for an OCI card; the Central Government has made services for Indians holding foreign citizenship completely digital.





