വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിൽ നഴ്സിനെ നായ ആക്രമിച്ച കേസിൽ മൃഗ ഉടമയ്ക്ക് കനത്ത പിഴയും വൻ തുക നഷ്ടപരിഹാരവും വിധിച്ച് സുപ്രീം കോടതി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും കരിയറും സ്വാഭാവിക ജീവിതവും നഷ്ടപ്പെടുകയും ചെയ്ത ലൈസൻസ്ഡ് പ്രാക്ടിക്കൽ നഴ്സായ കാരിന ഷ്രോട്ടിനാണ് (Kaarina Schrott) കോടതി 3,92,000 കനേഡിയൻ ഡോളർ (ഏകദേശം 3.25 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം അനുവദിച്ചത്. നായയുടെ ഉടമ ജോസെലിൻ ഗെയ്റ്റൻ റോജറിന് (Jocelyn Gaetan Roger) എതിരെ നൽകിയ സിവിൽ ഹർജിയിലാണ് ബി.സി. സുപ്രീം കോടതി ജസ്റ്റിസ് കാരി കോൾഫിന്റെ നിർണായക വിധി.
2020 ഡിസംബറിലായിരുന്നു വേർണനിൽ കാരിനയുടെ ജീവിതം മാറ്റിമറിച്ച ആ ദാരുണ സംഭവം നടക്കുന്നത്. പ്രദേശത്ത് ജോഗിങ് നടത്തുകയായിരുന്ന കാരിനയെ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് സമീപം ബെൽറ്റില്ലാതെ അഴിച്ചുവിട്ട നിലയിലായിരുന്ന വലിയൊരു നായ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കൈമുട്ടിൽ കടിച്ചുതുടങ്ങിയ നായ ഇവരെ നിലത്തേക്ക് വലിച്ചിഴച്ചു. കാരിനയുടെ നിലവിളി കേട്ട് ട്രക്കിൽ നിന്നിറങ്ങിയ ഉടമ റോജർ നായയെ പിടിച്ചുമാറ്റുകയും ഇവരെ സ്വന്തം വാഹനത്തിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ, ഇടത് കാലിന് ഗുരുതരമായി പരിക്കേറ്റ കാരിന ഏറെ പ്രയാസപ്പെട്ടാണ് അന്ന് വീട്ടിലെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ കാരിനയുടെ കാൽമുട്ടിന് ഗുരുതരമായ ഒടിവും (lateral tibial plateau fracture) തരുണാസ്ഥിക്ക് കീറലും (meniscus tear) സംഭവിച്ചതായി കണ്ടെത്തി. ദിവസങ്ങൾക്കകം അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും കടുത്ത വേദനയെത്തുടർന്ന് രണ്ട് വർഷത്തിന് ശേഷം മറ്റൊരു സങ്കീർണ്ണ ശസ്ത്രക്രിയ കൂടി ഇവർക്ക് നടത്തേണ്ടി വന്നു. തരിമ്പും കുറയാത്ത കാൽമുട്ട് വേദന കാരണം സാധാരണ നിലയിലുള്ള നടത്തമോ ഇരുത്തമോ ഇവർക്ക് ഇപ്പോൾ സാധ്യമല്ലെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തുടർച്ചയായി ദീർഘനേരം കുനിഞ്ഞുനിന്നും മുട്ടുകുത്തിയും ജോലി ചെയ്യേണ്ടി വന്നിരുന്ന ‘വൺ സ്റ്റെപ്പ് ഫൂട്ട് കെയർ’ എന്ന സ്വന്തം നഴ്സിങ് സ്ഥാപനം പൂർണ്ണ ആരോഗ്യത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ 2024 ജൂലൈയിൽ കാരിനയ്ക്ക് അത് ജീവനക്കാർക്ക് വിൽക്കേണ്ടി വരികയായിരുന്നു. മുൻപ് സ്കീയിംഗിലും ഗാർഡനിംഗിലും സജീവമായിരുന്ന, കഠിനാധ്വാനിയായ ഒരു സ്ത്രീയുടെ കരിയറും സന്തോഷകരമായ കുടുംബജീവിതവുമാണ് നായയുടെ ഉടമസ്ഥന്റെ അനാസ്ഥ കാരണം ഇല്ലാതായത് എന്ന് വിധിന്യായത്തിൽ ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
അപകടത്തിന് ശേഷം നായയുടെ ഉടമ തന്റെ പേരും ഫോൺ നമ്പരും കൈമാറിയിരുന്നെങ്കിലും പിന്നീട് കേസിന്റെ നോട്ടീസ് കൈപ്പറ്റാനോ കോടതി നടപടികളോട് സഹകരിക്കാനോ ഇയാൾ തയ്യാറായിരുന്നില്ല. തുടർന്ന് കാരിന പത്രപ്പരസ്യങ്ങളിലൂടെയും ലീഗൽ സെർവർമാർ വഴിയും നിയമപരമായ നോട്ടീസുകൾ എത്തിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് പ്രതിഭാഗത്തിന്റെ അസാന്നിധ്യത്തിൽ കോടതി വിധി (Default Judgement) പ്രഖ്യാപിച്ചത്.
ഭാവിയിലെ വരുമാന നഷ്ടം, ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ, ചികിത്സാ ചെലവുകൾ എന്നിവ കണക്കാക്കിയാണ് കോടതി ഈ വൻ തുക നഷ്ടപരിഹാരമായി നിശ്ചയിച്ചത്. വളർത്തുമൃഗങ്ങളെ പൊതുയിടങ്ങളിൽ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് മറ്റുള്ളവരുടെ ജീവിതം എങ്ങനെ തകർക്കുമെന്നതിന്റെ ഗൗരവമേറിയ ഓർമ്മപ്പെടുത്തലായി മാറുകയാണ് ഈ അന്താരാഷ്ട്ര കോടതി വിധി.
Pet dog released on road without seat belt; Nurse injured in dog attack
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





