ഷാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രവിശ്യയിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുന്നതിനായി സർക്കാർ പുതിയ കർമ്മപദ്ധതിക്ക് തുടക്കമിട്ടു. 2026 മുതൽ 2031 വരെയുള്ള അഞ്ച് വർഷത്തെ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതിയാണ് അധികൃതർ പ്രഖ്യാപിച്ചത്. ആരോഗ്യകരമായ വാർധക്യം, സാമൂഹിക സുരക്ഷ, മുതിർന്ന പൗരന്മാരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുക എന്നിവയാണ് ഈ കർമ്മപദ്ധതിയുടെ പ്രധാന ഊന്നൽ.
സമൂഹത്തിന്റെ വളർച്ചയിൽ മുതിർന്ന പൗരന്മാർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് സീനിയേഴ്സ് സെക്രട്ടേറിയറ്റ് ചെയർ പീറ്റർ ഹോൾമാൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. “മുതിർന്ന പൗരന്മാർ നമ്മൾ ഇന്നു കാണുന്ന സമൂഹത്തിന്റെ അടിസ്ഥാനശിലകൾ പണിതവരാണ്. അന്തസ്സോടെയും സന്തോഷത്തോടെയും ജീവിക്കാൻ അവർക്ക് അവസരങ്ങൾ ഒരുക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
ഈ കർമ്മപദ്ധതിയിലൂടെ മുതിർന്നവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനൊപ്പം, പ്രവിശ്യയുടെ മൊത്തത്തിലുള്ള ആരോഗ്യവും കരുത്തും വർധിപ്പിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” അദ്ദേഹം പറഞ്ഞു. 2018-2023 കാലയളവിൽ നടപ്പിലാക്കിയ മുൻ കർമ്മപദ്ധതിയുടെ തുടർച്ചയായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽ നടപ്പിലാക്കിയ ‘സീനിയേഴ്സ് ഇൻഡിപെൻഡൻസ് ഇനിഷ്യേറ്റീവ്’ (Seniors Independence Initiative) പോലുള്ള പദ്ധതികൾ വഴി സാമ്പത്തിക സഹായങ്ങൾ വർധിപ്പിക്കാനും, കൂടുതൽ താങ്ങാനാവുന്ന നിരക്കിലുള്ള ഭവന പദ്ധതികൾ ഒരുക്കാനും, ദീർഘകാല പരിചരണ സൗകര്യങ്ങൾ (long-term care beds) വിപുലീകരിക്കാനും സർക്കാരിന് സാധിച്ചിരുന്നു.
ഈ വിജയങ്ങൾ ആവർത്തിക്കുന്നതിനൊപ്പം, മുതിർന്ന പൗരന്മാർ നേരിടുന്ന നിലവിലെയും ഭാവിയിലെയും വെല്ലുവിളികൾ കൂടി പരിഗണിച്ചാണ് പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്. നിലവിൽ പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ ജനസംഖ്യയുടെ ഏകദേശം 21 ശതമാനവും മുതിർന്ന പൗരന്മാരാണ്.
ഇവരിൽ ഭൂരിഭാഗം പേരും 65 മുതൽ 74 വരെ പ്രായമുള്ളവരാണ്. വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഈ കർമ്മപദ്ധതി, പ്രവിശ്യയിലെ മുതിർന്ന പൗരന്മാരുടെ ജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. വരും വർഷങ്ങളിൽ വയോജനങ്ങളുടെ സാമൂഹിക പങ്കാളിത്തവും ആരോഗ്യവും ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഇതിലൂടെ കൂടുതൽ വേഗത്തിലാകും.
PEI government takes crucial step in senior welfare
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






