വിന്നിപെഗ്: നഗരത്തിലെ പൊതുസ്ഥലങ്ങളിലെ പരസ്യ മയക്കുമരുന്ന് ഉപയോഗവും ലഹരിക്കടത്തും തടയുന്നതിനായി വിന്നിപെഗ് പോലീസ് വ്യാപക പരിശോധനയും കർശന നിയമനടപടികളും ആരംഭിച്ചു. വിദ്യാലയങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സമീപം ലഹരി ഉപയോഗം വർധിക്കുന്നതിനെതിരെ പൊതുജനങ്ങളിൽ നിന്നും വ്യാപാരികളിൽ നിന്നും ശക്തമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം. മയക്കുമരുന്ന് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും, പുതിയ സുരക്ഷാ പദ്ധതികളുടെ വിശദാംശങ്ങൾ പിന്നീട് വിശദീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ലഹരി ഉപയോഗത്തിനെതിരെയുള്ള കർശനമായ പോലീസ് ഇടപെടലുകളെ വ്യാപാരികളും രാഷ്ട്രീയ നേതാക്കളും നേരത്തെ പിന്തുണച്ചിരുന്നു. എന്നാൽ, നിലവിലെ പോലീസ് നടപടി ലഹരിക്ക് അടിമപ്പെട്ടവരോടുള്ള ക്രൂരതയാണെന്ന് ആരോപിച്ച് ‘റിസോഴ്സ് അസിസ്റ്റൻസ് ഫോർ യൂത്ത്’ (RaY) ഉൾപ്പെടെയുള്ള വിവിധ സാമൂഹിക സേവന സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മെയിൻ സ്ട്രീറ്റ് പോലുള്ള പ്രദേശങ്ങളിൽ പോലീസ് സാന്നിധ്യം വർധിച്ചതായും, ലഹരിമുക്തിക്ക് സഹായിക്കുന്ന ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്ത് നശിപ്പിക്കുന്നതായും മറ്റുള്ളവർക്ക് ഉപദ്രവമില്ലാതെ കഴിയുന്നവരെപ്പോലും തടഞ്ഞുവെക്കുന്നതായും സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കേറ്റ് സ്ജോബർഗ് ആരോപിച്ചു.
സ്വന്തമായി സുരക്ഷിതമായ വീടുകളില്ലാത്തതുകൊണ്ടാണ് പലരും പൊതുസ്ഥലങ്ങളിൽ കഴിയേണ്ടി വരുന്നതെന്നും, അങ്ങനെയുള്ള പാവപ്പെട്ട മനുഷ്യരെ ലക്ഷ്യമിട്ടുള്ള പോലീസ് നടപടി അവരെ കൂടുതൽ ദുരിതത്തിലാക്കുമെന്നും സാമൂഹിക പ്രവർത്തകർ പറയുന്നു. ഭവനരഹിതർക്ക് സഹായം നൽകുന്ന കേന്ദ്രങ്ങൾക്ക് ചുറ്റുമാണ് ഇപ്പോൾ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഇത് ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സയും മറ്റ് സഹായങ്ങളും കിട്ടുന്നത് തടസ്സപ്പെടുത്തുമെന്നും, അതുകൊണ്ട് ഈ വിഷയത്തിൽ കൂടുതൽ പ്രായോഗികമായ സമീപനമാണ് വേണ്ടതെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Police begin widespread testing in Winnipeg to curb drug use in public places





