സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിൽ കുട്ടികളുടെ മെഡിക്കൽ വിവരങ്ങൾ മാതാപിതാക്കൾക്ക് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വിവാദ നിയമത്തിൽ അടിയന്തര മാറ്റത്തിനൊരുങ്ങി സർക്കാർ. പ്രവിശ്യയിൽ പുതുതായി നടപ്പിലാക്കിയ ഡിജിറ്റൽ ആരോഗ്യ സംവിധാനത്തിന് പിന്നാലെ ഉയർന്ന കടുത്ത ജനരോഷത്തെ തുടർന്നാണ് പ്രീമിയർ ടോണി വേക്ക്ഹാമിന്റെ അടിയന്തര ഇടപെടൽ. 12 വയസ്സ് തികയുന്നതോടെ കുട്ടികളുടെ ആരോഗ്യവിവരങ്ങൾ മാതാപിതാക്കൾക്ക് നേരിട്ട് പരിശോധിക്കാനാകില്ലെന്ന വ്യവസ്ഥ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
പ്രവിശ്യയിലെ വ്യക്തിഗത ആരോഗ്യ വിവര നിയമം (Personal Health Information Act) അടിയന്തരമായി പുനഃപരിശോധിക്കുമെന്നും വരാനിരിക്കുന്ന ശരത്കാല സമ്മേളനത്തിൽ പുതിയ നിയമനിർമ്മാണം നടത്തുമെന്നും പ്രീമിയർ ടോണി വേക്ക്ഹാം ഔദ്യോഗികമായി അറിയിച്ചു. നിലവിലുള്ള നിയമങ്ങളും പ്രവിശ്യയിലെ കുടുംബങ്ങളുടെ പ്രതീക്ഷകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വന്നതോടെ വ്യക്തമായതായി അദ്ദേഹം പറഞ്ഞു. ഈ നയം തങ്ങൾ ഉണ്ടാക്കിയതല്ലെങ്കിലും, അത് തിരുത്താൻ തങ്ങൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പ്രവിശ്യയിലെ മുഴുവൻ ആരോഗ്യ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ‘കോർകെയർ’ (CorCare) എന്ന പുതിയ പദ്ധതിയുടെ ഭാഗമായി ‘മൈ ഹെൽത്ത് എൻ.എൽ’ (MyHealthNL) എന്ന ഓൺലൈൻ പോർട്ടൽ ആരോഗ്യവകുപ്പ് ആരംഭിക്കുന്നത്. ഇതനുസരിച്ച് 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ മെഡിക്കൽ വിവരങ്ങൾ അറിയാൻ മാതാപിതാക്കൾക്ക് പ്രത്യേക അനുമതി (Proxy) ആവശ്യമാണ്. എന്നാൽ കുട്ടികൾക്ക് 12 വയസ്സ് തികയുന്നതോടെ ഈ അനുമതി റദ്ദാകും.
തുടർന്ന് 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളുടെ ചികിത്സാ രേഖകൾ കാണണമെങ്കിൽ കുട്ടികളുടെ പ്രത്യേക അനുമതി വേണം. 16 വയസ്സ് തികയുന്നതോടെ സ്വന്തം ആരോഗ്യവിവരങ്ങൾ ആർക്കൊക്കെ, എത്രത്തോളം കാണാമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം കുട്ടികൾക്ക് ലഭിക്കും. ഇതേക്കുറിച്ച് വിശദീകരിച്ച് ആരോഗ്യവകുപ്പ് മാതാപിതാക്കൾക്ക് കത്തയച്ചതോടെയാണ് പ്രവിശ്യയിൽ പ്രതിഷേധം കത്തിയത്.
ഈ നിയമം പതിറ്റാണ്ടുകളായി പ്രവിശ്യയിൽ നിലവിലുള്ളതാണെങ്കിലും ഡിജിറ്റൽ സംവിധാനം വന്നതോടെയാണ് ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ മാതാപിതാക്കൾ തിരിച്ചറിയുന്നത്. കുട്ടികളുടെ അവകാശങ്ങളെ മാനിക്കുമ്പോൾ തന്നെ, 12 വയസ്സായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അവർക്ക് വേണ്ടി സംസാരിക്കാനുമുള്ള മൗലികമായ ഉത്തരവാദിത്തം മാതാപിതാക്കൾക്കുണ്ടെന്ന് ഭൂരിഭാഗം പേരും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
അതേസമയം, സങ്കീർണ്ണമായ കുടുംബ പശ്ചാത്തലങ്ങളോ ശാരീരിക-മാനസിക പീഡനങ്ങളോ നേരിടുന്ന കുട്ടികൾക്ക് ഇത്തരം സ്വകാര്യതകൾ ആവശ്യമാണെന്ന വാദവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. പ്രവിശ്യയിലെ കുടുംബങ്ങളിൽ നിന്നുണ്ടായ ആശങ്കകളും ആശയക്കുഴപ്പങ്ങളും പൂർണ്ണമായി ഉൾക്കൊള്ളുന്നുവെന്ന് വ്യക്തമാക്കിയ പ്രീമിയർ ടോണി വേക്ക്ഹാം, കുട്ടികളുടെയും യുവാക്കളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം തന്നെ മാതാപിതാക്കൾക്ക് പിന്തുണ നൽകുന്ന രീതിയിലായിരിക്കും പുതിയ നിയമ ഭേദഗതിയെന്ന് ഉറപ്പുനൽകി. വരും മാസങ്ങളിൽ ഈ വിഷയത്തിൽ ഉണ്ടാകുന്ന നിയമപരമായ മാറ്റങ്ങളിലേക്ക് തന്നെയാണ് ഇപ്പോൾ കനേഡിയൻ മലയാളി സമൂഹമടക്കമുള്ള പൊതുജനങ്ങളുടെ കണ്ണ്.
New app comes, children's health information locked to parents; Law changed after protests in province
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





