ഒട്ടാവ: കാനഡയിലേക്ക് താൽക്കാലിക വിസയ്ക്ക് അപേക്ഷിച്ചവർക്ക് ആശ്വാസകരമായ വാർത്തയുമായി ഇമിഗ്രേഷൻ വകുപ്പ്. കാനഡ ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് (IRCC) താൽക്കാലിക വിസ അപേക്ഷകളുടെ പുതുക്കിയ പ്രോസസിങ് സമയം പുറത്തുവിട്ടു. ജൂൺ 24-ന് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വർക്ക് പെർമിറ്റ്, സ്റ്റഡി പെർമിറ്റ്, സൂപ്പർ വിസ എന്നിവയുടെ കാത്തിരിപ്പ് കാലാവധിയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർക്ക് ഈ മാറ്റം വലിയ നേട്ടമാകും.

ജൂൺ 17-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, കാനഡയ്ക്കുള്ളിൽ നിന്നുള്ള വർക്ക് പെർമിറ്റ് അപേക്ഷകളുടെ പ്രോസസിങ് സമയം 144 ദിവസമായി കുറഞ്ഞു. 2026-ലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേസമയം, ഇന്ത്യയിൽ നിന്നുള്ള സൂപ്പർ വിസ അപേക്ഷകരുടെ കാത്തിരിപ്പ് കാലാവധിയിൽ ഒരു മാസത്തിലേറെയാണ് (44 ദിവസം) കുറവുണ്ടായിരിക്കുന്നത്. ജൂൺ 17-ന് 110 ദിവസമായിരുന്ന പ്രോസസിങ് സമയം ജൂൺ 24 ആയപ്പോഴേക്കും 66 ദിവസമായി ചുരുങ്ങി. എന്നാൽ, പാകിസ്താനിൽ നിന്നുള്ള സൂപ്പർ വിസ അപേക്ഷകളുടെ കാത്തിരിപ്പ് സമയം 11 ദിവസം വർദ്ധിച്ച് 95 ദിവസമായിട്ടുണ്ട്.
സ്റ്റഡി പെർമിറ്റും വിസിറ്റർ വിസയും: ഇന്ത്യക്കാരുടെ കാത്തിരിപ്പ് ഇങ്ങനെ
ആഴ്ചകളായി മാറ്റമില്ലാതെ തുടർന്ന സ്റ്റഡി പെർമിറ്റ് പ്രോസസിങ് സമയത്തിലും ഇന്ത്യക്കാർക്ക് അനുകൂലമായ മാറ്റമുണ്ട്. ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നുമുള്ള സ്റ്റഡി പെർമിറ്റ് അപേക്ഷകളുടെ കാത്തിരിപ്പ് കാലാവധിയിൽ ഓരോ വാരം വീതം കുറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾ തീർപ്പാക്കാനുള്ള സമയം 5 ആഴ്ചയിൽ നിന്ന് 4 ആഴ്ചയായി ചുരുങ്ങിയിട്ടുണ്ട്.
വിസിറ്റർ വിസ അപേക്ഷകളുടെ കാര്യത്തിലും നേരിയ പുരോഗതിയുണ്ട്. കാനഡയ്ക്കുള്ളിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള വിസിറ്റർ വിസ പ്രോസസിങ് സമയം നേരിയ തോതിൽ കുറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളുടേത് 24 ദിവസത്തിൽ നിന്ന് 22 ദിവസമായി കുറഞ്ഞപ്പോൾ, നൈജീരിയയിൽ നിന്നുള്ള അപേക്ഷകളുടേത് 53-ൽ നിന്ന് 54 ദിവസമായി നേരിയ വർദ്ധനവ് രേഖപ്പെടുത്തി.
പുതുക്കിയ കണക്കുകൾ പ്രകാരം കാനഡയ്ക്കുള്ളിൽ നിന്നുള്ള വർക്ക് പെർമിറ്റ് അപേക്ഷകളുടെ പ്രോസസിങ് സമയം 171 ദിവസത്തിൽ നിന്ന് 144 ദിവസമായി കുറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള വർക്ക് പെർമിറ്റ് കാലാവധി മാറ്റമില്ലാതെ 9 ആഴ്ചയായി തുടരുമ്പോൾ, നൈജീരിയയിൽ നിന്നുള്ള അപേക്ഷകളുടേത് 16 ആഴ്ചയിൽ നിന്ന് 9 ആഴ്ചയായി വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള സ്റ്റഡി പെർമിറ്റുകളുടെ കാന്തിരിപ്പ് സമയം 5 ആഴ്ചയിൽ നിന്ന് 4 ആഴ്ചയായും, വിസിറ്റർ വിസകളുടേത് 24 ദിവസത്തിൽ നിന്ന് 22 ദിവസമായും കുറഞ്ഞു. ഏറ്റവും വലിയ മാറ്റം പ്രകടമായത് ഇന്ത്യയിൽ നിന്നുള്ള സൂപ്പർ വിസ അപേക്ഷകളിലാണ്; മുൻപുണ്ടായിരുന്ന 110 ദിവസത്തിൽ നിന്ന് 66 ദിവസമായാണ് ഇത് ചുരുങ്ങിയത്. അതേസമയം, പാകിസ്താനിൽ നിന്നുള്ള സൂപ്പർ വിസ പ്രോസസിങ് സമയം 84 ദിവസത്തിൽ നിന്ന് 95 ദിവസമായി വർദ്ധിക്കുകയും ചെയ്തു.
പ്രോസസിങ് സമയവും സർവീസ് സ്റ്റാൻഡേർഡും
അപേക്ഷകർക്ക് വിസ നടപടികൾ പൂർത്തിയാകാൻ എത്ര സമയമെടുക്കും എന്നതിനെക്കുറിച്ച് ഏകദേശ ധാരണ നൽകാനാണ് IRCC ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്. എന്നാൽ ഇത് കൃത്യമായ ഉറപ്പല്ല. മുൻകാലങ്ങളിൽ 80 ശതമാനം അപേക്ഷകൾ തീർപ്പാക്കാൻ എടുത്ത സമയവും നിലവിലുള്ള അപേക്ഷകളുടെ എണ്ണവും പരിഗണിച്ചാണ് ഈ സമയം കണക്കാക്കുന്നത്. എന്നാൽ IRCC-യുടെ ആഭ്യന്തര ലക്ഷ്യങ്ങളായ ‘സർവീസ് സ്റ്റാൻഡേർഡ്’ പ്രകാരം സാധാരണ സാഹചര്യങ്ങളിൽ 80 ശതമാനം അപേക്ഷകളും നിശ്ചിത സമയത്തിനകം പൂർത്തിയാക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, കാനഡയ്ക്ക് പുറത്തുനിന്നുള്ള വർക്ക്, സ്റ്റഡി പെർമിറ്റുകളുടെ ഔദ്യോഗിക സർവീസ് സ്റ്റാൻഡേർഡ് 60 ദിവസമാണ്.
ബാക്ക്ലോഗുകൾ, അപേക്ഷകളിലെ സങ്കീർണ്ണതകൾ, രേഖകളുടെ കുറവ് എന്നിവ കാരണം ചിലപ്പോൾ പ്രോസസിങ് സമയത്തിൽ വ്യത്യാസങ്ങൾ വരാം. താൽക്കാലിക വിസകളുടെ പ്രോസസിങ് സമയം ആഴ്ച തോറും ഇമിഗ്രേഷൻ വകുപ്പ് പുതുക്കാറുണ്ട്. കാനഡയിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നവർക്ക് പുതിയ മാറ്റങ്ങൾ വലിയ രീതിയിൽ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
Big change in Canada visa applications; Waiting period reduced for Indians, new processing time is as follows
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





