ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ തന്റെ സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലേബർ പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളും കനത്ത രാഷ്ട്രീയ സമ്മർദ്ദങ്ങളും തുടരുന്നതിനിടയിലാണ് നിർണ്ണായകമായ ഈ തീരുമാനം. 2024 ജൂലൈയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി രണ്ട് വർഷം തികയുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം പടിയിറങ്ങുന്നത്. ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിന് മുന്നിൽ വികാരാധീനനായി സംസാരിച്ച സ്റ്റാർമർ, തന്റെ രാജി തീരുമാനം ചാൾസ് രാജാവിനെ അറിയിച്ചതായി വ്യക്തമാക്കി.

പുതിയ ലേബർ പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ സ്റ്റാർമർ കാവൽ പ്രധാനമന്ത്രിയായി തുടരും. സെപ്റ്റംബർ മാസത്തോടെ പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുമെന്നാണ് ലേബർ പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്. സമീപകാല പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടി നേരിട്ട തിരിച്ചടികളും, കിയർ സ്റ്റാർമറിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ജനപ്രീതിയിലുണ്ടായ വൻ ഇടിവുമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. പാർട്ടിയിലെ ഏകദേശം മുന്നൂറോളം എം.പിമാർ പരസ്യമായി രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ലേബർ പാർട്ടിയിലെ കരുത്തനായ നേതാവും ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറുമായ ആൻഡി ബർണാം കഴിഞ്ഞ ദിവസം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് സ്റ്റാർമറിന്റെ സ്ഥാനത്തിന് വലിയ ഭീഷണിയായിരുന്നു. ഇതേതുടർന്ന് പാർട്ടിയിലെ വിമത സ്വരം ശക്തമാവുകയും സ്റ്റാർമറിന്റെ രാജി അനിവാര്യമായിത്തീരുകയുമായിരുന്നു.
താൻ എടുത്ത തീരുമാനങ്ങളെല്ലാം രാജ്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ളതാണെന്നും അദ്ദേഹം തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. ആറാം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങളിലേക്ക് ബ്രിട്ടൻ നീങ്ങുമ്പോൾ, ലേബർ പാർട്ടിയുടെ നേതൃത്വത്തിലേക്ക് ആൻഡി ബർണാം വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ജൂലൈ 9 മുതൽ പുതിയ നേതാവിനായുള്ള നാമനിർദ്ദേശങ്ങൾ സ്വീകരിച്ചു തുടങ്ങും.
UK Prime Minister Keir Starmer has resigned
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





