ലണ്ടൻ: റഷ്യക്കെതിരെയുള്ള രാജ്യാന്തര ഉപരോധം ലംഘിച്ച് എണ്ണ കടത്തിയെന്ന ആരോപണത്തിൽ റഷ്യൻ ഷാഡോ ഫ്‌ളീറ്റിൽ പെടുന്ന എണ്ണക്കപ്പൽ യുകെ സൈന്യം പിടിച്ചെടുത്തു.എണ്ണക്കപ്പലിലെ ക്യാപ്റ്റൻ അജയ് പന്തിനെ ബ്രിട്ടിഷ് അധികൃതർ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡ് നൈനിറ്റാൾ സ്വദേശിയായ 38 വയസ്സുകാരൻ അജയ് പന്തിനെ മോചിപ്പിക്കുന്നതിനും നാട്ടിലെത്തിക്കുന്നതിനും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിച്ചിരിക്കുകയാണ്. കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ച് ഉത്തരാഖണ്ഡ് സർക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.
റഷ്യൻ ‘ഷാഡോ ഫ്‌ളീറ്റിൽ’ ഉൾപ്പെട്ട ‘എംവി സ്മിർട്ടോസ്’ എന്ന കപ്പൽ ജൂൺ 14-ന് യുകെ സമുദ്രപരിധിയിൽ പ്രവേശിച്ച ഉടൻ തന്നെ റോയൽ മറീൻസും നാഷണൽ ക്രൈം ഏജൻസിയും ചേർന്ന് പിടിച്ചെടുക്കുകയായിരുന്നു. റഷ്യക്കെതിരായ ഉപരോധം ലംഘിച്ച് മൂന്നാം രാജ്യത്തേക്ക് എണ്ണ എത്തിക്കാൻ ശ്രമിച്ചു എന്നതാണ് അജയ് പന്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ജൂൺ 16-ന് സൗതാംപ്ടൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ നിലവിൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജൂലൈ 16-ന് ബോൺമൗത്ത് ക്രൗൺ കോടതിയിലാണ് കേസിന്റെ അടുത്ത വാദം നടക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
തന്റെ ഭർത്താവ് കമ്പനിയുടെ നിർദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും, 15 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ യാതൊരു കളങ്കവുമില്ലെന്നും ഭാര്യ റിതു പന്ത് വ്യക്തമാക്കി. ഭർത്താവിന്റെ അറസ്റ്റ് വിവരം ബ്രിട്ടിഷ് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അധികൃതരിൽ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. കപ്പലിലുള്ള ഇന്ത്യക്കാരും ജോർജിയക്കാരും ഉൾപ്പെടെയുള്ള 24 ജീവനക്കാരും നിലവിൽ ബ്രിട്ടിഷ് അധികൃതരുടെ നിരീക്ഷണത്തിലാണ്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ അജയ് പന്തിന് ആവശ്യമായ നിയമസഹായം നൽകി വരുന്നുണ്ട്.
Russian oil tanker UK seizure
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






