വാഷിങ്ടൺ: ലോകത്തെ മുൾമുനയിൽ നിർത്തിയ അമേരിക്ക-ഇറാൻ യുദ്ധത്തിന് അന്ത്യം. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച താൽക്കാലിക സമാധാനക്കരാർ ഉടനടി പ്രാബല്യത്തിൽ വന്നതായി പാകിസ്താൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കരാറിന്റെ ആദ്യപടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് അടിയന്തരമായി തുറന്നുനൽകും. പകരം ഇറാന് മേൽ ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം പിൻവലിക്കാൻ അമേരിക്കയും തയാറാകും. പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ കരാർ ഒപ്പുവെച്ച വിവരം എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ ലോകത്തെ അറിയിച്ചത്.
ഫ്രാൻസിലെ വേഴ്സായ് കൊട്ടാരത്തിൽ നടന്ന അത്താഴവിരുന്നിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാനും കരാറിൽ ഒപ്പുവെച്ചു. പാകിസ്താനും ഖത്തറും സംയുക്തമായി മധ്യസ്ഥത വഹിച്ച സമാധാന ദൗത്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഒപ്പുചടങ്ങും വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ നടക്കും.അമേരിക്കൻ ഉദ്യോഗസ്ഥർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഇറാന്റെ സമ്പന്നീകരിച്ച യുറേനിയം ശേഖരം കുറയ്ക്കുക എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഇതിന് പകരമായി ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ അമേരിക്ക ഇളവ് വരുത്തും. ഇതോടെ രാജ്യാന്തര വിപണിയിൽ ഇറാന് വീണ്ടും തടസ്സമില്ലാതെ എണ്ണ വിൽക്കാനാകും. ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തുറക്കുന്നതോടെ ആഗോള ഊർജപ്രതിസന്ധിക്ക് വലിയ ആശ്വാസമാകും. അടുത്ത 60 ദിവസത്തേക്ക് ടോൾ ഇല്ലാതെയായിരിക്കും കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം.
പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നീക്കങ്ങൾക്കിടെ, ലെബനാന്റെ പ്രാദേശിക അഖണ്ഡത ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനവും കരാറിന്റെ ഭാഗമാണ്. സമാധാനക്കരാർ ഒപ്പുവെക്കുന്നതോടെ ലെബനാനിലെ ഹിസ്ബുള്ളയ്ക്കെതിരെയുള്ള ഇസ്രയേലിന്റെ സൈനിക നടപടികൾ നിർത്തിവെക്കേണ്ടിവരും. യുദ്ധത്തിൽ തകർന്ന ഇറാനെ പുനർനിർമിക്കാൻ ഗൾഫ് രാജ്യങ്ങളുടെ സഹകരണത്തോടെ 300 ശതകോടി ഡോളറിന്റെ നിക്ഷേപം ലഭ്യമാക്കാനും കരാറിൽ വ്യവസ്ഥയുണ്ട്.
ഫെബ്രുവരി 28-നാണ് ഇറാൻ ആണവായുധം നിർമിക്കുന്നത് തടയാൻ അമേരിക്കയും ഇസ്രയേലും സംയുക്തമായി യുദ്ധം ആരംഭിച്ചത്. ഇറാന്റെ ആണവപദ്ധതികൾ പൂർണ്ണമായി തകർക്കുക എന്നതായിരുന്നു ട്രംപിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും ഇപ്പോഴത്തെ താൽക്കാലിക കരാർ അതിൽനിന്നെല്ലാം പിന്നോട്ടുള്ള പോക്കാണെന്ന വിലയിരുത്തലുമുണ്ട്. കരാറിനെ ട്രംപ് സ്വാഗതം ചെയ്തെങ്കിലും, തനിക്ക് തൃപ്തികരമല്ലെങ്കിൽ വീണ്ടും ആക്രമണം തുടരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.
ഈ സമാധാനക്കരാർ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടുകൾ. ലെബനാനിൽനിന്ന് പിന്മാറില്ലെന്ന ഇസ്രയേലിന്റെ കടുത്ത നിലപാടിന് വിരുദ്ധമാണ് നിലവിലെ കരാർ വ്യവസ്ഥകൾ. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും വിപണിക്കും വലിയ ആശ്വാസം പകരുന്നതാണ് ഈ പുതിയ നീക്കമെങ്കിലും വരുംദിവസങ്ങളിൽ നടക്കാനിരിക്കുന്ന വിശദമായ ചർച്ചകൾക്ക് ശേഷമേ പശ്ചിമേഷ്യയുടെ ഭാവി പൂർണ്ണമായി പ്രവചിക്കാനാകൂ.
War is over; US-Iran peace deal comes into effect
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










