ഒട്ടാവ: കാനഡ സർക്കാർ നിരവധി പേരുടെ പൗരത്വ സർട്ടിഫിക്കറ്റുകൾ അപ്രതീക്ഷിതമായി സസ്പെൻഡ് ചെയ്ത സംഭവത്തിൽ അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിയായ NDP രംഗത്തെത്തി. പൗരത്വ സർട്ടിഫിക്കറ്റുകൾ റദ്ദാക്കാനുണ്ടായ സാഹചര്യവും എത്ര പേരെയാണ് ഈ നടപടി ബാധിച്ചതെന്നും കുടിയേറ്റ മന്ത്രി ലെന മെറ്റ്‌ലെഗ് ദിയാബ് ഉടൻ വ്യക്തമാക്കണമെന്ന് എൻഡിപി ആവശ്യപ്പെട്ടു. പരിശോധന പൂർത്തിയാകുന്നതുവരെ ബാധിച്ചവർക്കെതിരെ മറ്റ് പ്രതികൂല നടപടികൾ സ്വീകരിക്കരുതെന്നും, പൗരത്വ വകുപ്പ് (IRCC) എത്ര സർട്ടിഫിക്കറ്റുകളാണ് പുനഃപരിശോധനയ്ക്കായി തടഞ്ഞുവെച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് എൻഡിപിയുടെ കുടിയേറ്റകാര്യ വിമർശക ജെന്നി ക്വാൻ ചൊവ്വാഴ്ച മന്ത്രിക്ക് കത്തയച്ചു.
കാനഡ സർക്കാരിന്റെ ഔദ്യോഗിക അംഗീകാരത്തെത്തുടർന്ന് നിരവധി പേർ മറ്റ് ജോലികൾ സ്വീകരിക്കുകയും, വീടുകൾ വിൽക്കുകയും, കാനഡയിലേക്ക് താമസം മാറ്റുകയും ചെയ്ത സാഹചര്യത്തിൽ ഇപ്പോഴത്തെ നടപടി ഇവരുടെ ജീവിതത്തെ സാരമായി ബാധിച്ചുവെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ‘ലോസ്റ്റ് കനേഡിയൻസ്’ നിയമം (Bill C-3) വഴി പൗരത്വം ലഭിച്ചവരുടെ സർട്ടിഫിക്കറ്റുകളാണ് ഇപ്പോൾ പുനഃപരിശോധിക്കുന്നത്. മുൻ തലമുറകളിൽ കാനഡ വിട്ടുപോയ വിദേശങ്ങളിൽ താമസിക്കുന്നവർക്ക് വംശപരമ്പര തെളിയിച്ച് പൗരത്വം നൽകുന്നതാണ് ഈ നിയമം. നിലവിലെ നടപടി പൗരത്വ സംവിധാനത്തോടുള്ള പൊതുജനവിശ്വാസം തകർക്കുന്നതാണെന്നും, നോട്ടീസ് ലഭിച്ച ചിലർ സർക്കാരിനെതിരെ കൂട്ടായ നിയമനടപടികൾക്ക് ഒരുങ്ങുകയാണെന്നും ജെന്നി ക്വാൻ വ്യക്തമാക്കി.
അതേസമയം, പരിമിതമായ എണ്ണം ആളുകളുടെ ഫയലുകൾ മാത്രമാണ് പുനഃപരിശോധിക്കുന്നതെന്നും അർഹത ഉറപ്പായാൽ സർട്ടിഫിക്കറ്റുകൾ തിരികെ നൽകുമെന്നും കുടിയേറ്റ വകുപ്പ് അറിയിച്ചു. എന്നാൽ കൃത്യമായ എണ്ണം പുറത്തുവിടാൻ വകുപ്പ് തയ്യാറായിട്ടില്ല. വംശപരമ്പരയുണ്ടെന്നത് കൊണ്ടുമാത്രം പൗരത്വം ലഭിക്കില്ലെന്നും ഓരോ തലമുറയ്ക്കും കാനഡയുമായുള്ള ബന്ധം കൃത്യമായി തെളിയിക്കേണ്ടതുണ്ടെന്നും കുടിയേറ്റ മന്ത്രി ലെന മെറ്റ്‌ലെഗ് ദിയാബ് പാർലമെന്റിൽ വ്യക്തമാക്കി. പുതിയ നിയമപ്രകാരം ഇതുവരെ നാലായിരത്തിലധികം പേർക്ക് പൗരത്വം ലഭിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും യു.എസ് സ്വദേശികളാണ്. പരിശോധനയുടെ യഥാർത്ഥ കാരണങ്ങൾ സർക്കാർ വ്യക്തമാക്കാത്തതിനാൽ വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ രാഷ്ട്രീയ സമ്മർദം ശക്തമാകാനാണ് സാധ്യത.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Why did Canada suspend citizenship certificates? NDP demands explanation from Immigration Minister









