ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനം യുഎസ് ഓഹരി വിപണിയിൽ വൻ തിരിച്ചടിയുണ്ടാക്കി. 2020-നു ശേഷമുള്ള ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയ യുഎസ് വിപണിയിൽ എസ്&പി 500 സൂചികകൾക്ക് 2 ട്രില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി. പ്രമുഖ കമ്പനികളുടെ ഓഹരി വിലയിൽ വലിയ ഇടിവാണ് സംഭവിച്ചത് – ആപ്പിൾ (9.3%), നൈക്ക് (14.4%), ബെസ്റ്റ് ബൈ (17.8%), റാൽഫ് ലോറൻ (16.3%) എന്നിവയുടെ വിലയിൽ ഗണ്യമായ കുറവുണ്ടായി. അതോടൊപ്പം യുഎസ് ഡോളറിന്റെ മൂല്യത്തിലും 2.2% ഇടിവ് രേഖപ്പെടുത്തി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്ക് വ്യത്യസ്ത നിരക്കിലുള്ള താരിഫുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക് 26%, ചൈനയ്ക്ക് 34%, യൂറോപ്യൻ യൂണിയന് 20%, യുകെയ്ക്ക് 10%, ജപ്പാന് 24%, കാനഡയ്ക്ക് 25% എന്നിങ്ങനെയാണ് പുതിയ താരിഫ് നിരക്കുകൾ. ഈ താരിഫുകൾ അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതികൾക്കുമുള്ള 10% അടിസ്ഥാന താരിഫുകൾക്ക് പുറമെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ട്രംപ് ഏപ്രിൽ 2-നെ “ലിബറേഷൻ ഡേയായി ” പ്രഖ്യാപിച്ചിരുന്നു, 10% അടിസ്ഥാന താരിഫ് ഏപ്രിൽ 5 ഇന്ന് മുതലും രാജ്യങ്ങൾക്കുള്ള കൂടിയ താരിഫ് ഏപ്രിൽ 9 മുതലും പ്രാബല്യത്തിൽ വരുത്താനാണ് ട്രംപിന്റെ തീരുമാനം.
ഈ പ്രഖ്യാപനത്തിനെതിരെ ലോകമെമ്പാടും നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഈ നടപടി ലോക സമ്പദ്വ്യവസ്ഥയ്ക്ക് പ്രഹരമാണെന്ന് പ്രതികരിച്ചു. കാനഡ പകരമായി താരിഫുകൾ ഏർപ്പെടുത്തുകയും. എന്നാൽ വൈറ്റ് ഹൗസ് വിപണി ഇടിവുകളെ അവഗണിക്കുകയും ട്രംപിനെ വിശ്വസിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക വിദഗ്ധർ ഈ നടപടി ആഗോള സമ്പദ്വ്യവസ്ഥയെ ഒരു പുതിയ വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമെന്നും, ജനങ്ങളുടെ ജീവിത ചെലവ് വർദ്ധിക്കാൻ കാരണമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.
ട്രംപിന്റെ ഈ നടപടി അമേരിക്കൻ ഉപഭോക്താക്കളെയും ബിസിനസുകളെയും എങ്ങനെ ബാധിക്കുമെന്നത് ഗൗരവമായി നിരീക്ഷിക്കപ്പെടുന്നു. വിദേശ ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. അതേസമയം, അമേരിക്കൻ കമ്പനികൾക്ക് ഇതൊരു അവസരമാണെന്നും സ്വദേശ ഉൽപാദനത്തിന് പ്രോത്സാഹനമാകുമെന്നും ട്രംപ് വാദിക്കുന്നു. എന്നിരുന്നാലും, ആഗോള വിപണിയിൽ ഇതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.



