അമേരിക്കയിലെ സങ്കീർണമായ വിസ നിയമങ്ങളും ഗ്രീൻ കാർഡ് ലഭിക്കാനുള്ള ദശാബ്ദങ്ങൾ നീളുന്ന കാത്തിരിപ്പും പ്രവാസികൾക്ക് ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചർച്ചയാകുന്നു. യുഎസിലെ കരിയറും സുരക്ഷിതത്വവും ഉപേക്ഷിച്ച് 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ഒടുവിൽ ഇന്ത്യൻ ദമ്പതികൾ നാട്ടിലേക്ക് മടങ്ങി. പ്രമുഖ സ്റ്റാർട്ടപ്പായ ‘മൗറി ലിവിങ്ങിന്റെ’ സ്ഥാപക ആസ്ത ചതുർവേദിയും ഭർത്താവുമാണ് അമേരിക്കൻ ജീവിതം മടുത്ത് ബെംഗളൂരുവിൽ പുതിയ തുടക്കം കുറിച്ചത്. സാൻഫ്രാൻസിസ്കോയിലുണ്ടായിരുന്ന 19 കോടി രൂപയുടെ ആഡംബര വീട് വിറ്റാണ് ഇവർ ഇന്ത്യയിലേക്ക് എത്തിയത്.
വർഷങ്ങളായി തുടർന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിയതെന്ന് ആസ്ത ചതുർവേദി പറയുന്നു. അമേരിക്കയിൽ മികച്ച കരിയറും സ്ഥിരതയുള്ള വരുമാനവും കെട്ടിപ്പടുക്കാൻ ഒന്നര പതിറ്റാണ്ടോളം അധ്വാനിച്ചെങ്കിലും അവിടെ സ്ഥിരതാമസമാക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പും ഉണ്ടായിരുന്നില്ലെന്ന് ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. കടുത്ത വിസ നിയമങ്ങളും പൗരത്വം ലഭിക്കുന്നതിലെ അനാവശ്യ കാലതാമസവുമാണ് ഇവരെ മാറി ചിന്തിപ്പിച്ചത്.
ആസ്തയുടെ ഭർത്താവ് 2015-ലും ആസ്ത 2020-ലുമാണ് ഗ്രീൻ കാർഡിനായി അപേക്ഷ സമർപ്പിച്ചത്. പ്രമുഖ ഐടി കമ്പനികളിലെ ഉയർന്ന തസ്തികകളിൽ ജോലി ചെയ്തിട്ടും വർഷങ്ങൾ കഴിഞ്ഞിട്ടും പൗരത്വത്തിനുള്ള അപേക്ഷകളിൽ അനുകൂലമായ തീരുമാനമുണ്ടായില്ല. ഈ ഘട്ടത്തിലാണ് സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് എന്ന ആലോചനയിലേക്ക് ആസ്ത കടക്കുന്നത്. ഒരു ബിസിനസ്സ് ആശയത്തെക്കുറിച്ച് ചിന്തിച്ചതു മുതലാണ് ജീവിതം തന്നെ മാറ്റിമറിച്ച ഈ മടക്കയാത്രയ്ക്ക് വഴിതുറന്നത്.
2024-ൽ തന്റെ പുതിയ സ്റ്റാർട്ടപ്പ് സംരംഭത്തിലേക്ക് ഒരു ചീഫ് ടെക്നോളജി ഓഫീസറെ (CTO) കണ്ടെത്തുന്നതിനായി ആസ്ത ഇന്ത്യയിൽ എത്തിയിരുന്നു. ഈ സന്ദർശന വേളയിൽ ഇന്ത്യയിലെ സ്റ്റാർട്ടപ്പ് മേഖലയിലെ വൻ വളർച്ചയും അനുകൂലമായ സാഹചര്യങ്ങളും നേരിട്ട് മനസ്സിലാക്കാൻ ഇവർക്ക് സാധിച്ചു. ഈ അനുഭവമാണ് സാൻഫ്രാൻസിസ്കോയിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് പൂർണ്ണമായും നാട്ടിലേക്ക് മടങ്ങാൻ ദമ്പതികൾക്ക് പ്രേരണയായത്.
ബെംഗളൂരുവിലെത്തിയ ദമ്പതികൾക്ക് ആദ്യഘട്ടത്തിൽ ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു. നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്ക്, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതുൾപ്പെടെയുള്ള സങ്കീർണ്ണമായ പേപ്പർ വർക്കുകൾ, ദൈനംദിന ഔദ്യോഗിക കാര്യങ്ങളിലെ മന്ദഗതി എന്നിവയുമായി പൊരുത്തപ്പെടാൻ സമയമെടുത്തു. എന്നാൽ മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളും കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസ സൗകര്യങ്ങളും ഇന്ത്യയുടെ മികച്ച പോസിറ്റീവ് വശങ്ങളാണെന്ന് ആസ്ത വ്യക്തമാക്കുന്നു. ബെംഗളൂരുവിൽ വാടകവീട്ടിൽ താമസിച്ച് തുടങ്ങിയ ഇവർ ഇപ്പോൾ സ്വന്തമായി വീട് വാങ്ങിയാണ് പുതിയ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്.
Tired of waiting for green card; sells luxury home worth Rs 19 crore in US
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










