ടോക്കിയോ: ഡോൾഫിൻ ചുഴലിക്കാറ്റ് കടുത്ത ഭീഷണി ഉയർത്തി ദക്ഷിണ പടിഞ്ഞാറൻ മേഖലയെ ലക്ഷ്യമാക്കി നീങ്ങുന്നതിനെത്തുടർന്ന് ജപ്പാനിൽ കടുത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിരവധി ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ അധികൃതർ ഉത്തരവിട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് 500-ലധികം വിമാന സർവീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. മണിക്കൂറിൽ 144 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റ്, അതിശക്തമായ കാറ്റും കനത്ത മഴയും വൻ തിരമാലകളും സൃഷ്ടിച്ചുകൊണ്ടാണ് തീരത്തേക്ക് അടുക്കുന്നത്.
സ്ഥിതിഗതികൾ കണക്കിലെടുത്ത് കഗോഷിമ, ഒക്കിനാവ പ്രവിശ്യകളിലെ 2,60,000-ഓളം നിവാസികളോടാണ് ഉടൻ തന്നെ ഒഴിയാൻ നിർദേശിച്ചിട്ടുള്ളത്. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് പ്രമുഖ വാഹന നിർമാതാക്കളായ ടൊയോട്ട തങ്ങളുടെ ഒമ്പത് ഫാക്ടറികളുടെ പ്രവർത്തനം വെള്ളിയാഴ്ച താത്കാലികമായി നിർത്തിവെച്ചു. ഒക്കിനാവ മേഖലയിലേക്ക് അടുക്കുമ്പോഴും ചുഴലിക്കാറ്റിന്റെ ശക്തി കുറയില്ലെന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ (ജെ.എം.എ) വിലയിരുത്തൽ.
തീവ്ര മഴ ലഭിക്കുന്ന ഇടുങ്ങിയ മഴമേഘക്കൂട്ടങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് പ്രളയത്തിന് വഴിതെളിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതിനുപുറമെ, വൻ നാശനഷ്ടമുണ്ടാക്കാൻ ശേഷിയുള്ള ശക്തമായ കാറ്റിൽ കെട്ടിടങ്ങൾ തകരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി. തെക്കൻ പ്രധാന ദ്വീപായ ക്യുഷുവിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇതിനോടകം തന്നെ കനത്ത കാറ്റ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം നാശം വിതച്ച കുമാമോട്ടോ പ്രവിശ്യയെയും പുതിയ ചുഴലിക്കാറ്റ് ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഭൂകമ്പത്തിൽ വീടുകൾ തകർന്നതിനെ തുടർന്ന് 6,700 ഓളം ആളുകൾ ഇപ്പോഴും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം ചില പ്രദേശങ്ങളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നതിനാൽ സൂര്യാഘാതത്തിനെതിരെയും ജാഗ്രത വേണമെന്ന് അധികൃതർ വ്യക്തമാക്കി.
വളരെ പതുക്കെ സഞ്ചരിക്കുന്ന കാറ്റഗറി 1 വിഭാഗത്തിൽപ്പെട്ട ഈ ചുഴലിക്കാറ്റിൽ പരമാവധി 198 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ട്. നിലവിൽ ക്യുഷു മേഖലയ്ക്കും ഒക്കിനാവ പ്രവിശ്യയ്ക്കുമിടയിലുള്ള ദ്വീപ് സമൂഹങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഡാൾഫിൻ ചുഴലിക്കാറ്റിന്റെ ഗതി ജപ്പാൻ കാലാവസ്ഥാ ഏജൻസി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Typhoon Dolphin heads to Japan; Thousands evacuated, over 500 flights canceled
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




