ഫിഫ ലോകകപ്പിൽ ഖത്തറിനായി ബൂട്ട് കെട്ടി മലയാളി താരം തഹ്‌സിൻ മുഹമ്മദ് ജംഷീദ് ചരിത്രത്തിലേക്ക് നടന്നു കയറി. ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഒരു മത്സരത്തിന്റെ സ്ക്വാഡിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി എന്ന അഭിമാന നേട്ടമാണ് കണ്ണൂർ തലശ്ശേരി സ്വദേശിയായ ഈ 19-കാരൻ സ്വന്തമാക്കിയത്. ഖത്തർ ഇന്ന് പുലർച്ചെ സ്വിറ്റ്സർലൻഡിനെതിരെ കളത്തിലിറങ്ങിയപ്പോൾ ലോകമെമ്പാടുമുള്ള മലയാളി ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം ഉറ്റുനോക്കിയത് ഈ യുവ വിങ്ങറുടെ സാന്നിധ്യത്തിലേക്കായിരുന്നു.
ഖത്തറിലെ വിഖ്യാതമായ ആസ്പയർ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നുവന്ന തഹ്‌സിൻ, നിലവിൽ ഖത്തർ സ്റ്റാർസ് ലീഗിലെ പ്രമുഖ ക്ലബായ അൽ ദുഹൈലിന്റെ താരമാണ്. നേരത്തെ ഖത്തറിന്റെ അണ്ടർ-16, അണ്ടർ-19, അണ്ടർ-23 ടീമുകൾക്കായി മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ് സീനിയർ ടീമിലേക്കുള്ള തഹ്‌സിന്റെ ഈ സ്വപ്നതുല്യമായ വളർച്ച. കണ്ണൂർ സ്വദേശികളായ ജംഷീദിന്റെയും ഷൈമയുടെയും മകനായ തഹ്‌സിന് രണ്ട് ദിവസത്തിനകം ഇരുപതാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ഈ ചരിത്ര നേട്ടം കൈവന്നിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
അതേസമയം, ഗ്രൂപ്പ് ബിയിലെ ഖത്തറിന്റെ ആദ്യ പോരാട്ടം ആവേശകരമായ സമനിലയിൽ കലാശിച്ചു. സാന്താ ക്ലാരയിലെ ലെവീസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡും ഖത്തറും ഓരോ ഗോൾ വീതം നേടി പോയിന്റ് പങ്കുവെക്കുകയായിരുന്നു. മത്സരത്തിന്റെ 16-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബ്രീൽ എംബോളോ സ്വിസ് പടയെ മുന്നിലെത്തിച്ചെങ്കിലും, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ (90+3′) മിറോ മുഹൈം വഴങ്ങിയ സെൽഫ് ഗോൾ ഖത്തറിന് തുണയാവുകയായിരുന്നു. ശക്തരായ സ്വിറ്റ്സർലൻഡിനെ സമനിലയിൽ തളച്ച ഖത്തറിന് ഗ്രൂപ്പ് ബിയിൽ കാനഡ, ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നിവരാണ് അടുത്ത എതിരാളികൾ.
A Malayali shines by making history in the World Cup; Who is this 19-year-old from Thalassery in the Qatar team?
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









