ഒട്ടാവ: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ സ്കൂൾ വെടിവെപ്പ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ, AI ചാറ്റ്ബോട്ടുകളെയും സോഷ്യൽ മീഡിയയെയും നിയന്ത്രിക്കാനുള്ള പുതിയ നിയമനിർമാണവുമായി കാനഡ സർക്കാർ മുന്നോട്ട്. ഒട്ടാവയിൽ സർക്കാർ അവതരിപ്പിച്ച പുതിയ ബില്ലിലാണ് നിയന്ത്രണങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ നിയമത്തിലെ പഴുതുകളും ഇത് നടപ്പാക്കാൻ എടുക്കുന്ന ദീർഘകാലതാമസവും ലക്ഷ്യപ്രാപ്തിക്ക് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടി അക്കാദമിക്, നിയമ വിദഗ്ധർ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിൽ നടന്ന വെടിവെപ്പ് കേസിലെ പ്രതിയുടെ ആശങ്കാജനകമായ ChatGPT സന്ദേശങ്ങൾ പൊലീസിനെ അറിയിക്കുന്നതിൽ OpenAI പരാജയപ്പെട്ടതാണ് സർക്കാരിന്മേൽ ശക്തമായ സമ്മർദ്ദമുണ്ടാക്കിയത്. പ്രതിയുടെ അക്കൗണ്ട് അക്രമപരമായ ഉള്ളടക്കത്തിന്റെ പേരിൽ കമ്പനി ആഭ്യന്തരമായി ഫ്ലാഗ് ചെയ്തിരുന്നെങ്കിലും അധികൃതരെ അറിയിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ ഡിജിറ്റൽ റെഗുലേറ്റർ സ്ഥാപിക്കാനും 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുമുള്ള ബിൽ സർക്കാർ കൊണ്ടുവന്നത്. അപകടകരമായ ഉള്ളടക്കങ്ങൾ തിരയുന്നത് കുറയ്ക്കാനും ആത്മഹത്യ, സ്വയം മുറിവേൽപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര ഇടപെടൽ നടത്താനും AI കമ്പനികൾക്ക് പുതിയ ഏജൻസി നിർദേശം നൽകും.
എന്നാൽ, നിർദിഷ്ട നിയമം പ്രാബല്യത്തിൽ വരാൻ ഏകദേശം ഒരു വർഷവും റെഗുലേറ്റർ സ്ഥാപിക്കാൻ 18 മാസവും വേണ്ടി വരുമെന്നാണ് ഔദ്യോഗിക വിവരം. വിപിഎൻ (VPN) പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കുട്ടികൾക്ക് ഈ നിയന്ത്രണങ്ങൾ എളുപ്പത്തിൽ മറികടക്കാൻ സാധിക്കുമെന്ന് ടൊറന്റോ, ഒട്ടാവ സർവകലാശാലകളിലെ സാങ്കേതിക-നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഓസ്ട്രേലിയയിൽ സമാനമായ നിയമം വന്നിട്ടും കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തുടരുന്ന പശ്ചാത്തലത്തിലാണ് ഈ ആശങ്ക. അതേസമയം സുരക്ഷയും സ്വകാര്യതയും ഒരുപോലെ ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും, വാട്സാപ്പ്, സിഗ്നൽ തുടങ്ങിയ സ്വകാര്യ സന്ദേശ ആപ്പുകൾക്ക് ഈ നിയമം ബാധകമല്ലെന്നും കാനഡയുടെ ഐഡന്റിറ്റി ആൻഡ് കൾച്ചർ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കി. നിലവിൽ യൂറോപ്പ്, ബ്രസീൽ, അമേരിക്കയിലെ ചില സംസ്ഥാനങ്ങൾ എന്നിവടങ്ങളിൽ പ്രായപരിശോധനയ്ക്കുള്ള നിയമങ്ങൾ നിലവിലുണ്ട്. നിയമത്തോട് ഗൂഗിളും ടിക്ടോക്കും സഹകരണം അറിയിച്ചപ്പോൾ, സോഷ്യൽ മീഡിയ നിരോധനം ഫലപ്രദമല്ലെന്നാണ് മെറ്റായുടെ നിലപാട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada to regulate AI chatbots; experts concerned about loopholes in law










