ഒട്ടാവ: കാനഡയിൽ താൽക്കാലിക വിദേശ തൊഴിലാളികളെ ജോലിക്ക് എടുക്കുന്നതിനായി തൊഴിലുടമകൾ സമർപ്പിക്കേണ്ട ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെന്റ് (LMIA) അപേക്ഷകളുടെ പ്രോസസിങ് സമയത്തിൽ വലിയ മാറ്റങ്ങൾ വന്നതായി പുതിയ റിപ്പോർട്ട്. എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡ (ESDC) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സ്ഥിരതാമസത്തിന് സഹായിക്കുന്ന പി.ആർ സ്ട്രീമിൽ കാത്തിരിപ്പ് കാലാവധി മൂന്ന് മാസത്തിലേറെയായി കുറഞ്ഞു. എന്നാൽ കുറഞ്ഞ ശമ്പളമുള്ള ജോലികൾക്കായുള്ള ലോ-വേജ് സ്ട്രീമിൽ പ്രോസസിങ് സമയം പത്ത് ദിവസം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥിരതാമസ അപേക്ഷകർക്കായുള്ള പെർമനന്റ് റെസിഡന്റ് സ്ട്രീമിൽ മുൻപ് 244 ദിവസമായിരുന്ന കാത്തിരിപ്പ് കാലാവധി വലിയ പുരോഗതിയോടെ 140 ദിവസമായി കുറഞ്ഞു. എങ്കിലും മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് ഇപ്പോഴും ഏറ്റവും കൂടുതൽ കാത്തിരിപ്പ് സമയം ഇതിനാണ്. ആഗോള തലത്തിലെ പ്രൊഫഷണലുകളെ ആകർഷിക്കുന്ന ഗ്ലോബൽ ടാലന്റ് സ്ട്രീമിൽ പ്രോസസിങ് സമയം 12 ദിവസത്തിൽ നിന്നും വെറും 8 ദിവസമായി ചുരുങ്ങിയിട്ടുണ്ട്. സർക്കാർ നിശ്ചയിച്ചിട്ടുള്ള 10 ദിവസത്തെ സർവീസ് മാനദണ്ഡത്തേക്കാൾ വേഗത്തിലാണ് ഇപ്പോൾ ഈ വിഭാഗത്തിലെ അപേക്ഷകൾ തീർപ്പാക്കുന്നത്.
അതേസമയം ഉയർന്ന ശമ്പളമുള്ള ഹൈ-വേജ് സ്ട്രീമിൽ കാത്തിരിപ്പ് സമയം 60 ദിവസത്തിൽ നിന്നും 64 ദിവസമായി ഉയർന്നു. കർഷകർക്കായുള്ള അഗ്രികൾച്ചറൽ സ്ട്രീമിൽ പ്രോസസിങ് സമയം 15 ദിവസത്തിൽ നിന്നും 21 ദിവസമായി വർദ്ധിച്ചപ്പോൾ, സീസണൽ അഗ്രികൾച്ചറൽ വർക്കർ പ്രോഗ്രാമിൽ മാറ്റമൊന്നുമില്ലാതെ 10 ദിവസമായി തന്നെ തുടരുന്നു. കാനഡയിലെ പ്രാദേശിക തൊഴിലില്ലായ്മ നിരക്ക് 6 ശതമാനമോ അതിൽ താഴെയോ ഉള്ള പ്രദേശങ്ങളിൽ മാത്രം അനുവദിക്കുന്ന ലോ-വേജ് സ്ട്രീമിലാണ് ഏറ്റവും കൂടുതൽ സമയവർദ്ധനവ് ഉണ്ടായത്. ഇവിടെ കാത്തിരിപ്പ് കാലാവധി 48 ദിവസത്തിൽ നിന്നും 58 ദിവസമായി ഉയർന്നു.
ഒരു വിദേശിക്ക് കാനഡയിൽ വന്ന് ജോലി ചെയ്യുന്നതിനായി ക്ലോസ്ഡ് വർക്ക് പെർമിറ്റിന് അപേക്ഷിക്കണമെങ്കിൽ, കനേഡിയൻ തൊഴിലുടമയ്ക്ക് എൽ.എസ്.ഡി.സിയിൽ നിന്നും പോസിറ്റീവ് അല്ലെങ്കിൽ ന്യൂട്രൽ ആയ എൽ.എം.ഐ.എ അനുമതി പത്രം ലഭിച്ചിരിക്കണം. ഈ ജോലി ചെയ്യാൻ അനുയോജ്യനായ ഒരു കനേഡിയൻ പൗരനെയോ സ്ഥിരതാമസ്സക്കാരനെയോ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും, വിദേശ തൊഴിലാളിയെ നിയമിക്കുന്നത് കാനഡയിലെ തൊഴിൽ വിപണിയെ ദോഷകരമായി ബാധിക്കില്ലെന്നും തെളിയിക്കുന്ന രേഖയാണിത്. ഈ അനുമതി പത്രവും ഒപ്പം ജോബ് ഓഫറും ലഭിച്ച ശേഷമേ വിദേശിക്ക് ഇമിഗ്രേഷൻ വകുപ്പിൽ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാൻ സാധിക്കൂ.
കാനഡയിലെ താൽക്കാലിക താമസക്കാരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 5 ശതമാനത്തിൽ താഴെയായി നിലനിർത്തുക എന്ന ലക്ഷ്യത്തോടെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ രാജ്യം വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിവരികയാണ്. 2025-ൽ താൽക്കാലിക വിദേശ തൊഴിലാളികളുടെ പ്രവേശന ലക്ഷ്യം 82,000 ആയിരുന്നത് 2026-ൽ രാജ്യം 60,000 ആയി കുറച്ചു. ഇതിന്റെ ഭാഗമായി 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിൽ 31.2 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
കൂടാതെ എൽ.എം.ഐ.എ ആവശ്യമില്ലാത്ത ഇന്റർനാഷണൽ മൊബിലിറ്റി പ്രോഗ്രാം വഴിയുള്ള പ്രവേശനവും 2025-ലെ 285,750-ൽ നിന്നും 2026-ൽ 170,000 ആയി കാനഡ വെട്ടിച്ചുരുക്കി. രാജ്യത്തേക്ക് എത്തുന്ന അപേക്ഷകളുടെ എണ്ണം കുറയുന്നത് വരും ദിവസങ്ങളിൽ പ്രോസസിങ് സമയം ഇനിയും വേഗത്തിലാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ കാനഡയിൽ ജോലി അന്വേഷിക്കുന്ന വിദേശികൾക്ക് കാനഡ ജോബ് ബാങ്ക് പോർട്ടൽ വഴി എൽ.എം.ഐ.എ അംഗീകാരമുള്ള നാലായിരത്തി എഴുന്നൂറിലധികം ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
LMIA wait times improve for select Temporary Foreign Worker Program streams
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










