ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വെച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. കപ്പലിലുള്ള 24 ഇന്ത്യൻ നാവികരെ സുരക്ഷിതരായി പുറത്തെത്തിക്കാൻ കേന്ദ്ര സർക്കാരും ഇന്ത്യൻ നാവികസേനയും അടിയന്തരമായി ഇടപെടണമെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് (X) യൂണിയൻ ഈ വിവരം പുറത്തുവിട്ടത്.
അടിയന്തര സഹായം അഭ്യർത്ഥിച്ചുള്ള സന്ദേശം ലഭിച്ചതിനെ തുടർന്ന് വിദേശകാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കർ, ഇന്ത്യൻ നാവികസേന എന്നിവർക്ക് യൂണിയൻ വിവരം കൈമാറിയിട്ടുണ്ട്. എന്നാൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന്റെ സ്വഭാവം എന്താണെന്നതോ, നാവികരുടെ നിലവിലെ ആരോഗ്യസ്ഥിതിയോ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ നാവികസേനയോ വിദേശകാര്യ മന്ത്രാലയമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആഗോള എണ്ണക്കയറ്റുമതിയുടെ വലിയൊരു പങ്കും കടന്നുപോകുന്ന പ്രധാന സമുദ്രപാതയാണ് ഹോർമുസ് കടലിടുക്ക്. ഇസ്രായേൽ-ഇറാൻ സംഘർഷം ശക്തമായതിനെ തുടർന്ന് പശ്ചിമേഷ്യൻ മേഖലയിൽ കപ്പൽ ഗതാഗതത്തിന് കർശന സുരക്ഷാ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്. കപ്പലിന്റെ പേര് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്കായി അധികൃതർ അന്വേഷണം തുടങ്ങി വരികയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Indian sailors seek immediate assistance after ship attacked off Oman coast






